Kerala
ആർഎസ്എസുമായുള്ള ചർച്ചയിൽ ഒരു സംഘടന മാത്രമല്ല, ജമാഅത്തെ ഇസ്‍ലാമിയെ മാത്രം പരാമർശിക്കുന്നതിൽ വേറെ താൽപര്യം; അലിയാർ ഖാസിമി
Kerala

'ആർഎസ്എസുമായുള്ള ചർച്ചയിൽ ഒരു സംഘടന മാത്രമല്ല, ജമാഅത്തെ ഇസ്‍ലാമിയെ മാത്രം പരാമർശിക്കുന്നതിൽ വേറെ താൽപര്യം'; അലിയാർ ഖാസിമി

Web Desk
|
17 Feb 2023 2:39 PM GMT

'സമുദായത്തെ ഒറ്റുകൊടുത്ത് ആർ.എസ്.എസുമായി ചർച്ചയ്ക്ക് പോയിട്ടില്ല, പോകുമെന്ന് പ്രതീക്ഷിക്കേണ്ട'

കൊച്ചി: ആർഎസ്എസുമായുള്ള ചർച്ചയിൽ വിശദീകരണവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. 'ഒരു സംഘടന മാത്രമല്ല ചർച്ചയിൽ പങ്കെടുത്തത്. ചർച്ചകളാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം. എല്ലാ ധാരകളിൽപ്പെട്ട സംഘടനകളും ചർച്ചയിൽ പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്‍ലാമിയെ മാത്രം പരാമർശിക്കുന്നതിന് പിന്നിൽ വേറെ താത്പര്യമുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ ഖാസിമി പറഞ്ഞു.

'സമുദായത്തെ ഒറ്റുകൊടുത്ത് ആർ.എസ്.എസ്സുമായി ചർച്ചയ്ക്ക് പോയിട്ടില്ല, ഇനി പോകുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. ദേശീയ തലത്തിൽ മേൽവിലാസമുള്ള സംഘടനകളെയാണ് ചർച്ചയിൽ പങ്കെടുത്തത്.എല്ലാ ചർച്ചകളും അടച്ചിട്ട മുറിയിലാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം. ചർച്ചകൾ ആരുമായും നടത്താമെന്നതാണ് ജംഇയ്യത്ത് നിലപാടെന്നും സംസ്ഥാന അലിയാർ ഖാസിമി മീഡിയവണിനോട് പറഞ്ഞു.

'ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിയുമായും പല നേതാക്കളുമായും സംഭാഷണങ്ങൾ നടത്തുകയും അവരുടെ സ്വന്തം സ്ഥാപനങ്ങളിലേക്കും സമ്മേളനങ്ങളിലേക്കും ക്ഷണിക്കുകയും അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാനോ തുറന്നു പറയാനോ തയ്യാറാവാതെ തികച്ചും ഒറ്റുകാരന്റെ സമീപനം സ്വീകരിച്ചു എന്ന് സംശയിക്കുന്നവര്‍ ഈ ചർച്ചയിൽ പങ്കാളികളായവരെ കുറിച്ചല്ല വിമര്‍ശിക്കുന്നത് എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഇവർ കൃത്യമായ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. നിങ്ങളുമായി ഒത്തുപോകുന്നതിന് അല്ലെങ്കിൽ സഹകരിച്ച് പോകുന്നതിന് കഴിയണമെങ്കിൽ ഞങ്ങളുടെ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടെന്ന് അവിടെ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവിടെ ഉന്നയിക്കപ്പെട്ടു. തിരിച്ച് അവരും അവരുടേതായ പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ടാകും. ചർച്ച ഇനിയും തുടരാമെന്ന തീരുമാനത്തിലാണ് പിരിഞ്ഞത്. അവിടെ എന്താണ് ചർച്ച നടന്നത് എന്നതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വെളിയിൽ വരട്ടെ. അല്ലാതെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും പറഞ്ഞുകൊണ്ട് ലോകത്ത് നടക്കുന്ന മുഴുവൻ ചർച്ചകളും ചോദ്യം ചെയ്യപ്പെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


Similar Posts