ഏകസിവിൽകോഡിനെതിരെ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ രാജ്ഭവൻ മാർച്ച്; പ്രതിഷേധമിരമ്പി
|പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ചിൽ ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ പങ്കെടുത്തു
തിരുവനന്തപുരം: ഏകസിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ചിൽ ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ പങ്കെടുത്തു. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമായുടെയും പോഷകഘടകങ്ങളുടെയും പ്രവർത്തകർ അണിനിരന്ന മാർച്ച് അച്ചടക്കംകൊണ്ടും ചിട്ടയായ ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഒ.അബ്ദുറഹ്‌മാൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച മാർച്ച് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഐക്യദാർഢ്യ പ്രഭാഷണം നടത്തി. മാർച്ചിന് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളായ കെ.പി അബൂബക്കർ ഹസ്രത്ത്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, അഡ്വ.കെ പി മുഹമ്മദ്,പാങ്ങോട് കമറുദ്ദീൻ മൗലവി, സി എ മൂസാ മൗലവി,എം എം ബാവാ മൗലവി,തോന്നയ്ക്കൽ കെ എച്ച് മുഹമ്മദ് മൗലവി,കടയ്ക്കൽ ജുനൈദ്,ഇലവുപാലം ഷംസുദ്ദീൻ മന്നാനി, അഡ്വക്കേറ്റ് എ എം കെ നൗഫൽ,കാരാളി കാരാളി ഇ കെ സുലൈമാൻ ദാരിമി,വൈ സഫീർഖാൻ മന്നാനി,എ എം ഇർഷാദ് ബാഖവി,മുണ്ടക്കയം ഹുസൈൻ മൗലവി,കുളത്തൂപ്പുഴ സലീം,എംഎം മുഹിയുദ്ദീൻ മൗലവി,അൽ അമീൻ റഹ്‌മാനി,എസ് എച്ച് താഹിർ മൗലവി, എ വൈ ഷിജു എന്നിവർ നേതൃത്വം നൽകി. മാർച്ചിനു ശേഷം ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് കെ പി അബൂബക്കർ ഹസ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മുഴുവൻ ജനതയ്ക്കും എതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇ.ടി പറഞ്ഞു. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് അവർ പയറ്റുന്നത്. രാജ്യത്തിൻറെ വൈവിധ്യങ്ങളും ബഹുസ്വരതയും തകർക്കുന്നവർ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അതിനാൽത്തന്നെ ഇത്തരം പ്രക്ഷോഭങ്ങൾ രാജ്യത്തിൻറെ മുഴുവൻ ജനതയ്ക്കുമായുള്ളതായികാണണമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഭരണഘടന ഊന്നൽ നൽകുന്ന മൗലികാവകാശങ്ങൾ റദ്ദ് ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന ഭരണകൂടം മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ നടപ്പാക്കാൻ ഊറ്റം കൊള്ളുന്നത് വിരോധാഭാസമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ളനീക്കം മുസ്ലിംകളുടെ മത സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കാനുള്ള കേന്ദ്ര സർക്കാരിൻറെ ശ്രമത്തിന്റെ ഭാഗമാണ്. വർഗീയ ധ്രുവീകരണത്തിലൂടെ ലഭിച്ച അധികാരം വിദ്വേഷ രാഷ്ട്രീയം വളർത്തി നിലനിർത്താനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം അതീവ ജാഗ്രത പുലർത്തണമെന്നുംപ്രേമചന്ദ്രൻ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സംഘപരിവാർ ശക്തികൾ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന കയ്യേറ്റങ്ങൾ പൊതു സമൂഹം ഒന്നായി പ്രതിരോധിക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. മുസ്ലിം പള്ളികൾക്ക് നേരെയുള്ള അവകാശവാദങ്ങളും കയ്യേറ്റങ്ങളും അങ്ങേയറ്റം അപലപനീയമാണ്. ചരിത്രത്തോടുള്ള ഈ ധിക്കാരം രാജ്യം പൊറുക്കില്ലെന്നും പന്ന്യൻ പറഞ്ഞു.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വക്കേറ്റ് കെ പി മുഹമ്മദ്, സയ്യിദ് മുത്തുക്കോയ തങ്ങൾ, സി എ മൂസ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, ഒ അബ്ദുറഹുമാൻ മൗലവി, എം എം ബാവ മൗലവി, തോന്നയ്ക്കൽ കെ എച്ച് മുഹമ്മദ് മൗലവി, കടയ്ക്കൽ ജുനൈദ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, എം എം മുഹ്യുദ്ദീൻ മൗലവി, എ എം ഇർഷാദ് ബാഖവി, കാരാളി കെ സുലൈമാൻ ദാരിമി, വൈ സഫീർഖാൻ മന്നാനി, മുണ്ടക്കയം ഹുസൈൻ മൗലവി, എസ് എച്ച് താഹിർ മൗലവിഎന്നിവർ സംസാരിച്ചു.