Kerala
ജാനകി ടീച്ചർ വധക്കേസ്: പ്രതികളിൽ രണ്ടുപേർ കുറ്റക്കാർ; വിധി നാളെ
Kerala

ജാനകി ടീച്ചർ വധക്കേസ്: പ്രതികളിൽ രണ്ടുപേർ കുറ്റക്കാർ; വിധി നാളെ

Web Desk
|
30 May 2022 7:07 AM GMT

പുലിയന്നൂരിലെ വിശാഖ്, അരുൺകുമാർ എന്നിവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി

കാസര്‍കോട്: ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി നാളെ വിധി പറയും. അയൽവാസികളായ പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടിൽ അരുൺ, പുലിയന്നൂർ ചീർകുളം സ്വദേശികളായ പുതിയവീട്ടിൽ വിശാഖ്,ചെറുവാങ്ങക്കോട്ടെ റിനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതില്‍ വിശാഖ്, അരുൺകുമാർ എന്നിവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. റിനീഷിനെ വെറുതെ വിട്ടു. ഇതിൽ രണ്ടുപേരെ സ്കൂളിൽ ജാനകി പഠിപ്പിച്ചിരുന്നു.

2017 ഡിസംബർ 13ന് രാത്രി 9.30ന് വീട്ടിൽ മുഖം മൂടി ധരിച്ച് കവർച്ചക്കെത്തിയ മൂന്നംഗ സംഘം ജാനകി ടീച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽനിന്ന് 17 പവനും 92,000 രൂപയും പ്രതികൾ കവർന്നിരുന്നു. ജാനകി ടീച്ചറുടെ ഭർത്താവിനെ പ്രതികൾ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.റെനീഷിനെയും വിശാഖിനെയുമാണ് ജാനകി ടീച്ചര്‍ പഠിപ്പിച്ചിരുന്നത്.

212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 2019 ഡിസംബറിൽ വിചാരണ പൂർത്തിയായെങ്കിലും ജഡ്ജിമാർ സ്ഥലം മാറിയതിനാലും കോവിഡും കാരണം വിധി പറയാൻ വൈകുകയായിരുന്നു.

മോഷണ സമയത്ത് ഇവരെ ടീച്ചര്‍ തിരിച്ചറിയുകയും നിങ്ങളോ മക്കളെ എന്ന് വിളിച്ചിരുന്നതായി ടീച്ചറുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകം നടന്ന ശേഷം ഫെബ്രുവരി നാലിന് അരുണ്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയിരുന്നു. അവിടെ നിന്നാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്.

Similar Posts