Kerala
പുതുപ്പള്ളിയിൽ നിന്ന് കേരളത്തോളം വളർന്ന ജനനായകന്‍; ഒ.സി എന്ന ഉമ്മന്‍ചാണ്ടി
Kerala

പുതുപ്പള്ളിയിൽ നിന്ന് കേരളത്തോളം വളർന്ന ജനനായകന്‍; ഒ.സി എന്ന ഉമ്മന്‍ചാണ്ടി

Web Desk
|
18 July 2023 1:27 PM GMT

കഴിഞ്ഞ നിയമസഭവരെ തുടർച്ചയായി 53 വർഷം പുതുപ്പള്ളിക്ക് മറ്റൊരു എം.എൽ.എ ഇല്ലായിരുന്നു

തിരുവനന്തരപുരം: കോട്ടയത്തെ പുതുപ്പള്ളിയിൽ നിന്ന് കേരളത്തോളം വളർന്ന രാഷ്ട്രീയ നേതാവും ഭരണകർത്താവുമായിരുന്നു ഉമ്മൻചാണ്ടി. അരനൂറ്റാണ്ടിലധികം ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്ന മറ്റാർക്കും തകർക്കാനാവാത്ത റെക്കോർഡുമായാണ് ഉമ്മൻചാണ്ടി വിട പറയുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ KSU യൂനിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ എത്തിയ ഉമ്മൻചാണ്ടി, ജനകീയനായ രാഷ്ട്രീയ നേതാവും വികസനത്തിൽ ശ്രദ്ധയൂന്നിയ ഭരണകർത്താാവുമായിരുന്നു. പുതുപ്പള്ളിക്കാർക്കു മാത്രമായിരുന്നില്ല കേരളത്തിന്റയാകെ കുഞ്ഞൂഞ്ഞായിരുന്നു ഒ.സി എന്ന് അടുപ്പക്കാർ വിളിച്ചിരുന്ന ഉമ്മൻ ചാണ്ടി. പ്രായോഗികനായ രാഷ്ട്രീയക്കാരൻ. ജനകീയനായ ഭരണാധികാരി. ദീർഘദർശിയായ വികസന വക്താവ്. വിശ്രമമില്ലാത്ത പൊതുപ്രവർത്തകൻ. വിശേഷണങ്ങൾ പലതാണ് ഉമ്മൻചാണ്ടിക്ക്

രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകി അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ശ്രമിച്ചിരുന്ന ഭരണാധികാരിയായിരുന്നു. 2004 മുതൽ 2006 വരെയും 2011 മതൽ 16 വരെയുമുള്ള ഭരണകാലളവിലൂടെ കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂർ വിമാനത്താവളം തുടങ്ങി കേരളത്തിന്റെ വൻ വികസന പദ്ധതികൾക്ക് തുടക്കമിടാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു. കാരുണ്യ ചികിത്സാ സഹായ പദ്ധതിയും കോക്ലിയർ ഇംപ്ലാന്റേഷനും അടക്കം നിരവധി ജനകീയമായ പദ്ധതികളിലൂടെ ജനങ്ങളുടെ ദുരിതമകറ്റാൻ കഴിഞ്ഞു.

പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ എസ് യു യൂനിറ്റ് പ്രസിഡന്റായി തുടങ്ങിയ ഉമ്മൻചാണ്ടി പതിനേഴാം വയസിൽ കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായി. 1967 ൽ എ.കെ ആന്റണിക്ക് പിന്നാലെ കെ.എസ.യു പ്രസിഡന്റായി. 69 ൽ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റുമായി കോണ്ഗ്രസ് യുവനിരയുടെ ശ്രദ്ധേയനായി

1970 ൽ കോണ്ഗ്രസ് യുവനിരയെ മത്സര രംഗത്തേക്കിറിക്കയപ്പോഴാണ് പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നത്. സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ ഇ.എം ജോർജിനെ 7000 പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യ വിജയം. പിന്നെ കഴിഞ്ഞ നിയമസഭവരെ തുടർച്ചയായി 53 വർഷം പുതുപ്പള്ളിക്ക് മറ്റൊരു എം.എൽ.എ ഇല്ലായിരുന്നു.

1977 ലെ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെ ചുമതല വഹിച്ച് മന്ത്രിസഭയിലെ അരങ്ങേറ്റം. 81-82 കാലത്ത് ആഭ്യന്തരമന്ത്രിയായും 91- 95 കാലത്ത് ധനകാര്യമന്ത്രിയായും പ്രവർത്തിച്ചു. 1943 ൽ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെ ബേബി ചാണ്ടിയുടെയും മകനായാണ് ജനനം. ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നവർ മക്കളാണ്. ഇനി കുഞ്ഞൂഞ്ഞില്ല.... കുഞ്ഞൂഞ്ഞിന്റെ ഓർമകൾ മാത്രം ബാക്കിയാണ്.... കേരളത്തിന്റെ പൊതുമണ്ഡലത്തിിൽ ബാക്കിവെച്ച അടയാളങ്ങളും.

Similar Posts