ജനസേവ ശിശുഭവനിലെ പീഡന വിവരം മറച്ചുവെച്ചുവെന്ന കേസ്; ജോസ് മാവേലി കുറ്റക്കാരനല്ലെന്ന് കോടതി
|ജനസേവ ബോയ്സ് ഹോമിലെ അധ്യാപകനും നിരപരാധിയെന്ന് കോടതി കണ്ടെത്തി
ആലുവ: ജനസേവ ശിശുഭവനിലെ പീഡന വിവരം മറച്ചുവെച്ചു എന്ന കേസിൽ ജോസ് മാവേലി കുറ്റക്കാരനല്ലെന്ന് ആലുവ പോക്സോ കോടതി ഉത്തരവ്. ജനസേവ ബോയ്സ് ഹോമിലെ അധ്യാപകനും നിരപരാധിയെന്ന് കോടതി കണ്ടെത്തി . തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ ഉത്തരവ്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ ജനസേവ ശിശുഭവന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
2018ലാണ് ജോസ് മാവേലിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ആലുവ ജനസേവ ശിശുഭവനില്‍ നടന്ന പീഡന വിവരം ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് പുറംലോകമറിയുന്നത്. ശിശുഭവനിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി പീഡിപ്പിച്ചെന്ന് ചെയര്മാന് ജോസ് മാവേലിയോടും, അധ്യാപകനായ റോബിനോടും പറഞ്ഞിരുന്നെന്നാണ് ക്രൈംബ്രാഞ്ചിനോടും കുട്ടികള്‍ മൊഴി നല്‍കിയത്.
ഒക്ടോബറില്‍ ജോസ് മാവേലിക്കെതിരെ പോക്സോ നിയമപ്രകാരമെടുത്ത കേസുകള്‍ എറണാകുളം സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. ജോസ് മാവേലിക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളാണ് കോടതി റദ്ദാക്കിയത്. പോക്സോ നിയമവും ചൈൽഡ് ട്രാഫിക്കിക്ക് എന്നീ രണ്ട് കേസുകൾ ജോസ് മാവലിക്കെതിരെ ചുമത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ കുറ്റങ്ങൾ ആരോപിച്ച് ക്രൈബ്രാഞ്ച് എടുത്ത രണ്ട് കേസുകളിലും ക്രൈംബ്രാഞ്ചിന് തെളിവുകൾ ഒന്നും ഹാജരാക്കാനായില്ല. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചുവെന്ന ആരോപണവും അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞിരുന്നു.