ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കും; ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയാകും
|ജെ.ഡി.എസ് എന്ന പേര് ഉപേക്ഷിക്കുമെന്നും എന്നാല്‍ പുതിയ പാർട്ടിയുടെ പേരിൽ ജനതാദള്‍ എന്ന് ഉണ്ടാകുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ്
തിരുവനന്തപുരം: ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടി രൂപീകരിക്കുന്നു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. ജെ.ഡി.എസ് എന്ന പേര് ഉപേക്ഷിക്കുമെന്നും എന്നാല്‍ പുതിയ പാർട്ടിയുടെ പേരിൽ ജനതാദള്‍ എന്ന് ഉണ്ടാകുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
''പ്രതീക്ഷിച്ച നേട്ടം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന് ഒപ്പമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ബിജെപി യോടൊപ്പം നിൽക്കുന്ന പാർട്ടിയുടെ ഘടകമായി കേരള ഘടകം നിൽക്കാൻ ആഗ്രഹിക്കുന്നില്ല. മറ്റേതെങ്കിലും പാർട്ടിയുമായി ലയിക്കുന്ന കാര്യം ഇപ്പോൾ പരിഗണിച്ചില്ല. കർണാടക ഘടകവും കേരള ഘടകവുമായി ഒരാശയവിനിമയവും ഇല്ല. ആർ.ജെ.ഡി യുമായി ലയിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായതോടെയാണ് കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പാർട്ടി ദേശീയ നേതൃത്വത്തിൽനിന്ന് തെറ്റിപ്പിരിയാൻ തീരുമാനിച്ചത്.
ഒരേസമയം ബിജെപി സര്‍ക്കാരിലും കേരളത്തില്‍ ഇടതുസര്‍ക്കാരിലും ജെ.ഡി.എസ് അംഗമായിരിക്കുന്നതിനെ കോണ്‍ഗ്രസും ആർ.ജെ.ഡിയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് ദേശീയ നേതൃത്വം എൻ.ഡി.എയുടെ ഘടകകക്ഷിയായത്.