'സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നത്, പക്ഷെ കേസെടുത്തില്ല'; പൊലീസിനെതിരെ ജനയുഗം
|കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു
തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. 'വഖഫ് കിരാതം' എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നാണ് ചോദ്യം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തതിനെയും 'കിരാതന് ഗോപിയും വാവരു സ്വാമിയും' എന്ന തലക്കെട്ടിലെഴുതിയ ലേഖനം ചോദ്യം ചെയ്യുന്നു. രണ്ട് മഹാന്മാർക്കെതിരെയും ഒരു പെറ്റിക്കോസ് പോലും എടുക്കാത്തത് കൗതുകമെന്നും ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പൊലീസ് കേസെടുത്തില്ല. ഗോപിയുടെ സഹസംഘിയായ ബി. ഗോപാലകൃഷ്ണനും കുറച്ചില്ല. ശബരിമലയില്‍ വാവര് എന്ന ഒരു ചങ്ങായി പതിനെട്ടാംപടിക്കു താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക.
മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പൊലീസ് ഒരു പെറ്റിക്കേസുപോലുമെടുത്തില്ലെന്നതാണ് കൗതുകകരം. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് മാത്രമേ വൈകിയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ധവളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.