Kerala
കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗത മന്ത്രിയെയും മാനേജ്മെന്‍റിനെയും വിമർശിച്ച് ജനയുഗം മുഖപ്രസംഗം
Click the Play button to hear this message in audio format
Kerala

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഗതാഗത മന്ത്രിയെയും മാനേജ്മെന്‍റിനെയും വിമർശിച്ച് ജനയുഗം മുഖപ്രസംഗം

Web Desk
|
7 April 2022 4:49 AM GMT

വ്യത്യസ്തമായ കാരണങ്ങളാണ് നഷ്ടത്തിനെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം

കെ.എസ്.ആർ.ടി.സി പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയെയും മാനേജ്മെന്‍റിനെയും വിമർശിച്ച് സി.പി.ഐ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം തൊഴിലാളികളെ പഴി ചാരുന്നുവെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. സ്ഥാപനം നഷ്ടത്തിലാകുന്നതിന് കാരണങ്ങള്‍ പലതാണ്. അവയെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുന്നതിന് പകരം പലപ്പോഴും തൊഴിലാളികളെയും ജീവനക്കാരെയും പഴിചാരുന്ന പ്രവണതയാണ് ഉണ്ടാകാറുള്ളത്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവില്‍ നിന്നുണ്ടായതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യത്യസ്തമായ കാരണങ്ങളാണ് നഷ്ടത്തിനെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിന്റെ ശിക്ഷയും തൊഴിലാളികള്‍ ഏറ്റെടുക്കണമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. തീര്‍ച്ചയായും ഇന്ധന വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് വന്‍ ബാധ്യത അധികമായി അടിച്ചേല്പിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ധന വില തോന്നുംപടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതയിലും വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ പമ്പുകള്‍ക്ക് നല്കി വന്നിരുന്ന നിരക്കില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഉപഭോക്താവ് എന്ന പരിഗണനയിലേക്ക് മാറ്റി ഇന്ധന വില ഉയര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സ്വകാര്യ പമ്പുകള്‍ക്ക് നല്കിയിരുന്ന ചില്ലറ വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വില നിശ്ചയിക്കുകയാണ് എണ്ണക്കമ്പനികള്‍ ചെയ്തത്. ഈ രീതിയില്‍ രണ്ടുതവണയായി നിരക്കുവര്‍ധന നടപ്പിലാക്കിയപ്പോള്‍ ചില്ലറ വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസമാണുണ്ടായത്. 21ശതമാനമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇത് പ്രതിദിനം 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെയും ഒരു മാസം 22 മുതൽ 25 കോടി രൂപയുടെയും അധികബാധ്യതയാണ് ഉണ്ടാക്കുന്നത്.

പൊതുവേ നഷ്ടത്തിലായ സ്ഥാപനത്തിന്റെ പ്രതിസന്ധി ഇതോടെ രൂക്ഷമായി. എന്നാല്‍ അതിന്റെ ഫലമായി പിരിച്ചുവിടലും നിര്‍ത്തിവയ്ക്കലുമാണ് പ്രതിവിധിയെന്ന നിലയിലാണ് മന്ത്രിയും സ്ഥാപന മേധാവികളും പ്രശ്നത്തെ സമീപിക്കുന്നത്. അവിടെയും ശിക്ഷാര്‍ഹരായി മാറുന്നത് തൊഴിലാളികളും ജീവനക്കാരുമെന്നര്‍ത്ഥം.

Similar Posts