Kerala
ഇർഷാദിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത് ജസീൽ; വെളിപ്പെടുത്തലുമായി പിതാവ്
Kerala

'ഇർഷാദിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത് ജസീൽ'; വെളിപ്പെടുത്തലുമായി പിതാവ്

Web Desk
|
8 Aug 2022 7:43 AM GMT

അതേസമയം ഇർഷാദ് കൊലക്കേസിൽ കൂടുതൽ പ്രതികൾ കീഴടങ്ങി

കോഴിക്കോട്: പന്തിരിക്കരയിൽ കൊല്ലപ്പെട്ട ഇർഷാദിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയത് ജസീലാണെന്ന് പിതാവ് അബ്ദുൾ ജലീൽ. ജസീലിനെ തട്ടിക്കൊണ്ടു പോയത് താമരശ്ശേരി സ്വദേശി മുഹമ്മദ് സ്വാലിഹാണ്. ഇക്കാര്യം സ്വാലിഹ് തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും ജസീലിന്റെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

മെയ് 14നാണ് സ്വാലിഹ് വിളിച്ചത്. വിളിച്ച സമയത്ത് 60 ലക്ഷം രൂപയുടെ സ്വർണം നഷ്ട്ടപ്പെട്ടന്ന് പറഞ്ഞു. സ്വർണവുമായി ഇർഷാദ് മുങ്ങിയതാണ് ജസീലിനെ തടവിലാക്കാൻ കാരണം. സംഭവത്തില്‍ മെയ് 23 ന് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും പിതാവ് പറഞ്ഞു. ജസീൽ രണ്ട് വർഷം മുൻപാണ് ദുബൈക്ക് പോയത്. കഴിഞ്ഞ മാർച്ചിൽ നാട്ടിൽ വന്നിരുന്നു. തന്റെ മകൻ സ്വർണക്കടത്തിൽ പെടുമെന്ന് വിശ്വസിക്കുന്നില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.

ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷവും സ്വർണക്കടത്ത് സംഘം പണം ആവശ്യപ്പെട്ടെന്ന് ഇർഷാദിന്റെ സഹോദരൻ അർഷാദും വെളിപ്പെടുത്തിയിരുന്നു. ജൂലൈ 30ന് കുറച്ച് പണം നൽകി. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഫലം വരുന്നതിന്റെ തലേദിവസവും പണം ആവശ്യപ്പെട്ടതായി സഹോദരൻ പറഞ്ഞു. കേസിൽ ഇന്ന് ഫോറൻസിക് സർജന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

അതേസമയം ഇർഷാദ് കൊലക്കേസിൽ കൂടുതൽ പ്രതികൾ കീഴടങ്ങി. ഇർഷാദ്, നിഷ്‌കർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇർഷാദിനെ ജൂലൈ 17 നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Related Tags :
Similar Posts