പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങിയ സംഭവം: ടീച്ചർമാരാണ് സഹിഷ്ണുത എന്താണെന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടത് - ജാസിഗിഫ്റ്റ്
|കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലുടെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസി ഗിഫ്റ്റ്
സഹിഷ്ണുത എന്താണെന്ന് ടീച്ചർമാരാണ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ജാസിഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലുടെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസി ഗിഫ്റ്റ്. കോളേജ് പരിപാടിയിൽ പാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയ സംഭവത്തിൽ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് വിഡിയോ സന്ദേശത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജാസിഗിഫ്റ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങിയിരുന്നു.ജാസി ഗിഫ്റ്റിനൊപ്പമുള്ള ആളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പലുടെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് വിഡിയോയിൽ പ്രതികരണവുമായെത്തിയത്. ടീച്ചറുടെ നടപടിയിലൂടെ അപമാനിക്കപ്പെടുകയായിരുന്നു. പരസ്പര ബഹുമാനം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഒരാളെയും അയാൾചെയ്യുന്ന ജോലിയിൽ നിന്ന് ബലാൽക്കാരമായി പിടിച്ച് തള്ളാൻ ഇവിടെ ആർക്കും അധികാരമില്ല. ഒരു ആവശ്യവുമില്ലാത്ത കാരണം പറഞ്ഞാണ് പ്രിൻസിപ്പാൾ മൈക്ക് തട്ടിപ്പറിച്ചത്.
ഒരു കോളജ് പരിപാടിക്ക് വിളിക്കുമ്പോൾ അവിടുത്തെ മാനേജ്മെന്റുമായി എല്ലാം സംസാരിച്ച് തീരുമാനമായിട്ടാണ് പോകുന്നത്. സ്റ്റേജിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് വേണ്ടത്,വേണ്ടാത്തത് എന്നൊക്കെ പറയാം.അത് പറയാനുള്ള ഒരു രീതിയുണ്ട്.
എന്നാൽ ആ ടീച്ചർ പറഞ്ഞത് ആർക്കും ദഹിക്കുന്ന രീതിയിലായിരുന്നില്ല. മൈക്ക് പിടിച്ചുവാങ്ങിക്കൊണ്ടുപോകുകയായിരുന്നു. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് നേരത്തെ പറായാം. അല്ലെങ്കിൽ മറ്റൊരു മനുഷ്യനോട് പെരുമാറേണ്ട ഒരു രീതിയുണ്ട്. അതിൽ ടീച്ചറുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ല. കുട്ടികൾ ആ വിഷയത്തിൽ വലിയ സമരം നടത്തി. ഈഗോ വർക്കൗട്ട് ചെയ്തതതുൾപ്പടെയുള്ള കാര്യങ്ങളായിരിക്കാം ടീച്ചർ അങ്ങനെ പെരുമാറിയതിന് പിന്നിലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
വിദ്യാർഥികൾ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളജ് ഡേ യിൽ മുഖ്യാതിഥിയായി ജാസി ഗിഫ്റ്റ് എത്തിയത്. വിദ്യാർത്ഥികളുടെ അഭ്യർത്ഥനപ്രകാരമാണ് പാടിയത്. പാടുന്നതിനിടയിൽവേദിയിലേക്ക് ഓടിയെത്തിയ പ്രിൻസിപ്പൽ ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും പറഞ്ഞു ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങി അനൗൺസ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഗായകൻ വേദിവിട്ട് ഇറങ്ങിപ്പോയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.