Kerala
JDS Kerala unit again rejected the position of the JDS national leadership which joined the NDA
Kerala

'ബിജെപിയും സഖ്യകക്ഷികളും ശത്രുപക്ഷത്താണ്, ഒരു സംശയവുമില്ല'; ദേശീയ നിലപാട് തള്ളി ജെഡിഎസ് കേരള ഘടകം

Web Desk
|
27 Oct 2023 9:06 AM GMT

'കോൺഗ്രസിതര ബിജെപി വിരുദ്ധ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കും'

എൻഡിഎയിൽ ചേർന്ന ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് വീണ്ടും തള്ളി ജെഡിഎസ് കേരള ഘടകം. ജെഡിഎസിൽ ഒരു പൊട്ടിത്തെറിയുമില്ലെന്നും രാഷ്ട്രീയ നിലപാടിൽ അവ്യക്തതയില്ലെന്നും കോൺഗ്രസിതര ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന പ്രസിഡൻറ്‌ മാത്യൂ ടി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയും സഖ്യകക്ഷികളും തങ്ങളുടെ ശത്രുപക്ഷത്താണെന്നും അതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന ജെഡിഎസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.

നാലര പതിറ്റാണ്ടായുള്ള എൽഡിഎഫിനൊപ്പം തന്നെ തുടരുമെന്നും പാർട്ടി മുന്നണിയുടെ അവിഭാജ്യഘടകമാണെന്നും ആ രാഷ്ട്രീയ പ്രമേയത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി. ദേവഗൗഡയും മകൻ കുമാരസ്വാമിയും സ്വീകരിച്ച നിലപാടിനെ തള്ളിക്കളയുന്നുവെന്നും മറ്റു വാർത്തകൾ അവസ്തവമാണെന്നും ചൂണ്ടിക്കാട്ടി. ദേശീയ സമ്പൂർണ സമ്മേളനത്തിലെ പ്രമേയത്തിനൊപ്പം നിൽക്കുന്നവരാണ് ജെഡിഎസ് കേരള ഘടകമെന്നും യഥാർത്ഥ ജെഡിഎസ് തങ്ങളാണെന്നും അവകാശപ്പെട്ടു.

നിലവിൽ പുതിയ പാർട്ടിയില്ലെന്നും ജനതാ ദൾ എസായി തന്നെ തുടരുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ജെഡിഎസ് നേതൃത്വങ്ങളുമായി ചർച്ചകൾ തുടരുകയാണെന്നും അതിൽ വ്യക്തത വന്നശേഷം പുതിയ നിലപാട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എയുടെ ഭാഗമായ ദേശീയ ഘടകത്തോടുള്ള ബന്ധം വിടുന്നതിൽ അന്തിമ തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വമെന്ന് വാർത്തകളുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമില്ലെന്ന് പറയുമ്പോഴും ജെ.ഡി.എസായി തുടരാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതാണ് വാർത്തകൾക്ക് കാരണം. പുതിയ പാർട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതിനേയും മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും എതിർക്കുകയാണ്.

എൻ.ഡി.എയുടെ ഭാഗമായ പാർട്ടി കേരളത്തിൽ ഇടതുമുന്നണിയിൽ തുടരുന്നത് പ്രതിപക്ഷം ആയുധമാക്കിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം ജെ.ഡി.എസിനോട് കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമില്ലെന്നാണ് സി.പി.എമ്മിന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം നൽകിയ മറുപടി.

2006 ൽ ദേവഗൗഡ ബി.ജെ.പിക്കൊപ്പം ചേർന്നപ്പോൾ അന്ന് ജെ.ഡി.എസ് എൽ.ഡി.എഫിൽ തുടർന്നിരുന്നു. ആ നിലപാട് തന്നെ സ്വീകരിക്കാമെന്നാണ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞിരുന്നത്. മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യരാകുമെന്ന ആശങ്കയിലാണ് ഇരുവരും.

എന്നാൽ, 2006 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് മുതിർന്ന നേതാവ് സി.കെ. നാണു അടക്കമുള്ളവരുടെ നിലപാട്. ബിജെപി രാജ്യത്ത് ഇത്രയും ശക്തമാകുകയും അതിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യമുന്നണി രൂപീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനനേതൃത്വം കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് ഈ വിഭാഗം ആവശ്യപ്പെട്ടിരുന്നു.



JDS Kerala unit again rejected the position of the JDS national leadership which joined the NDA

Similar Posts