'മാത്യു ടി. തോമസും കൃഷ്ണന്‍കുട്ടിയും സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ നിലപാട്'; തുറന്നടിച്ച് നീലലോഹിതദാസന്‍ നാടാർ
|ദേശീയതലത്തില്‍ ബദല്‍ സംവിധാനം ഉണ്ടാകുന്നതിനെ സി.കെ നാണു തകിടം മറിക്കാന്‍ ശ്രമിച്ചെന്നും നീലലോഹിതദാസന്‍ നാടാര്‍
തിരുവനന്തപുരം: ജെ.ഡി.എസ് നേതാക്കളായ മാത്യു ടി. തോമസിനും കെ. കൃഷ്ണന്‍കുട്ടിക്കുമെതിരെ തുറന്നടിച്ച് ജെ.ഡി.എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസന്‍ നാടാർ. ഇരുവരും ഇപ്പോള്‍ സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ നിലപാടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സി.കെ നാണുവിന്‍റേത് പെട്ടെന്ന് എടുത്തുചാടിയുള്ള തീരുമാനമാണെന്നും 'മീഡിയവണി'നു നല്‍കിയ അഭിമുഖത്തില്‍ നീലലോഹിതദാസന്‍ നാടാര്‍ കുറ്റപ്പെടുത്തി.
മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും ഇപ്പോള്‍ സ്വീകരിക്കുന്നത് അഴകൊഴമ്പന്‍ നിലപാടാണ്. ഉറച്ച നിലപാട് എടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രാദേശിക പാർട്ടിയായി നില്‍ക്കാനുള്ള തീരുമാനത്തെ താന്‍ അംഗീകരിക്കുന്നില്ല. അവരുടെ ഉറച്ച തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പ്രാദേശിക പാർട്ടിയായി നില്‍ക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ ബദല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും നാടാര്‍ വ്യക്തമാക്കി.
മാത്യുവും കൃഷ്ണന്‍കുട്ടിയും വിപ്പിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സി.കെ നാണുവിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. പെട്ടെന്ന് എടുത്തുചാടി തീരുമാനമെടുത്തിരിക്കുകയാണ് നാണു. ദേശീയതലത്തില്‍ ബദല്‍ സംവിധാനം ഉണ്ടാകുന്നതിനെ നാണു തകിടം മറിക്കാന്‍ ശ്രമിച്ചെന്നും നീലലോഹിതദാസന്‍ നാടാര്‍ ആരോപിച്ചു.
അതിനിടെ, ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു എല്‍.ഡി.എഫ് നേതൃത്വത്തിന് വീണ്ടും കത്തുനല്‍കി. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെ.ഡി.എസ് എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് സംസ്ഥാനപാർട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ദേശീയ നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമില്ലെന്ന് പറഞ്ഞ് അതേ പാർട്ടിയായി എല്‍.ഡി.എഫില്‍ തുടരുകയായിരിന്നു ജെ.ഡി.എസ്. ഇതില്‍ മുതിർന്ന നേതാവ് സി.കെ നാണു ഉടക്കിട്ടു. പ്രത്യേക യോഗം വിളിച്ച് ദേവഗൗഡയെ പാർട്ടിയില്‍നിന്ന് പുറത്താക്കി.
തിരിച്ച് ദേവഗൗഡയും സി.കെ നാണുവിനെ പുറത്താക്കി. ഇതിനു പിന്നാലെ തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്ന് കാട്ടി എല്‍.ഡി.എഫ് നേതൃത്വത്തിന് സി.കെ നാണു കത്തും നല്‍കി. ഇത് മുന്നണി നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു കത്തുകൂടി സി.കെ നാണു എല്‍.ഡി.എഫ് നേതൃത്വത്തിന് നല്‍കിയത്. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിക്കണമെന്നാണ് ആവശ്യം. മാത്യു ടി. തോമസിന്‍റെയും കെ. കൃഷ്ണന്‍കുട്ടിയുടെയും കൂടെയുള്ളവരെ മാറ്റണമെന്നാണു കത്തിന്‍റെ ചുരുക്കം.
മുന്നണി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് മാത്യുവിനും കൃഷ്ണന്‍കുട്ടിയ്ക്കും നിർണായകമാകും.
Summary: JDS National Secretary Neelalohithadasan Nadar has openly attacked JDS leaders Mathew T Thomas and K Krishnankutty