Kerala
ജെബി മേത്തർ കോൺഗ്രസ് രാജ്യസഭയിലയക്കുന്ന നാലാമത്തെ വനിത; സിപിഎമ്മിൽ ടി.എൻ സീമ മാത്രം
Kerala

ജെബി മേത്തർ കോൺഗ്രസ് രാജ്യസഭയിലയക്കുന്ന നാലാമത്തെ വനിത; സിപിഎമ്മിൽ ടി.എൻ സീമ മാത്രം

Web Desk
|
19 March 2022 7:17 AM GMT

ഏറെ ചർച്ചകൾക്ക് ശേഷമാണ് ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർഥിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെഎംഐ മേത്തറുടെ മകളും മുൻ കെപിസിസി പ്രസിഡന്റ് പരേതനായ ടി.ഒ ബാവയുടെ പേരക്കുട്ടിയുമാണ് ജെബി.

കേരളത്തിൽനിന്ന് ഇതുവരെ രാജ്യസഭയിലെത്തിയത് അഞ്ച് വനിതാ അംഗങ്ങൾ. ഇതിൽ കോൺഗ്രസ് ടിക്കറ്റിൽ ഉപരിസഭയിലെത്തുന്ന നാലാമത്തെ വനിതയാണ് കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട ജെബി മേത്തർ. കെ. ഭാരതി ഉദയഭാനു, ദേവകി ഗോപിദാസ്, ലീലാ ദാമോദര മേനോൻ എന്നിവരാണ് ഇതിന് മുമ്പ് കോൺഗ്രസ് ടിക്കറ്റിൽ എംപിമാരായത്. 1954-58, 1958-64 വർഷങ്ങളിലായി രണ്ട് ടേമുകളിലാണ് ഭാരതി ഉദയഭാനു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ എ.പി ഉദയഭാനുവിന്റെ ഭാര്യയാണ് ഭാരതി. 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേത്രി കൂടിയാണ്. ആത്മകഥയായ അടുക്കളയിൽനിന്ന് പാർലമെന്റിലേക്ക് എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അർഹമായത്.


കെ. ഭാരതി ഉദയഭാനു

കെ. ഭാരതി ഉദയഭാനു

1962-68 കാലത്താണ് ദേവകി ഗോപിദാസ് രാജ്യസഭാംഗമായത്. കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ഈഴവ കുടുംബത്തിലാണ് ഇവരുടെ ജനനം. കൽക്കട്ട യൂണിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദം നേടിയ ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. കാബിനറ്റ് റാങ്കിലുള്ള ഭാഷാ ന്യൂനപക്ഷ കമ്മിഷണരും യുഎൻ പ്രതിനിധി സംഘം നേതാവുമായിരുന്നു. 1973 മെയ് 31ന് തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പാലം വിമാനത്താവളത്തിന് അടുത്തുവച്ചുണ്ടായ വിമാനാപകടത്തിലാണ് അവർ മരിച്ചത്. മുൻ കേന്ദ്ര ഉരുക്കു-ഖനി വകുപ്പു മന്ത്രി മോഹൻ കുമാരമംഗലം, പഞ്ചാബ് മുൻ മുഖ്യമന്ത്രി ഗുർണാംസിങ് തുടങ്ങി 48 പേരാണ് ഈ അപകടത്തിൽ മരിച്ചത്.


ദേവകി ഗോപിദാസ്

ദേവകി ഗോപിദാസ്

1974-80 കാലത്താണ് ലീലാ ദാമോദരൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എ ദാമോദര മേനോനാണ് ഭർത്താവ്. കുന്ദമംഗലം, പട്ടാമ്പി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ജീവചരിത്രമായ ചേട്ടന്റെ നിഴലിൽ എന്ന ഇവരുടെ പുസ്‌കതത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


ടിഎൻ സീമ

ടിഎൻ സീമ

2010-16 കാലത്ത് രാജ്യസഭാംഗമായിരുന്ന ടി.എൻ സീമ മാത്രമാണ് സിപിഎം പ്രതിനിധിയായി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് സീമ ജനവിധി തേടിയിരുന്നുവെങ്കിലും ഇവർ കോൺഗ്രസിനും ബിജെപിക്കും പിന്നിൽ മൂന്നാമതായിരുന്നു.

ചർച്ചകൾക്കൊടുവിൽ ജെബി മേത്തർ

ഏറെ ചർച്ചകൾക്ക് ശേഷമാണ് ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർഥിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെഎംഐ മേത്തറുടെ മകളും മുൻ കെപിസിസി പ്രസിഡന്റ് പരേതനായ ടി.ഒ ബാവയുടെ പേരക്കുട്ടിയുമാണ് ജെബി. സ്ത്രീകൾക്ക് പരിഗണന കിട്ടുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് കോൺഗ്രസ് വിട്ടതിനെ തുടർന്നാണ് ജെബി മേത്തർ കഴിഞ്ഞ ഡിസംബറിൽ മഹിളാ കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറിയായ ജെബി മേത്തർ എഐസിസി അംഗവും ആലുവ മുൻസിപ്പൽ ഉപാധ്യക്ഷയുമാണ്. തുടർച്ചയായ മൂന്നാം തവണയാണ് ജെബി മേത്തർ മുൻസിപ്പൽ കൗൺസിലറാവുന്നത്.

കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു മുസ്ലിം വനിത എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മുസ്ലിം വോട്ടുബാങ്കിലേക്ക് ഇടതുപക്ഷം കടന്നുകയറുന്നത് പ്രതിരോധിക്കുക എന്ന ലക്ഷ്യവും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ മേഖലകളിൽ വലിയ മുന്നേറ്റമാണ് സിപിഎം നടത്തിയത്. നിലവിൽ എളമരം കരീം, എ.എം ആരിഫ് എന്നിവർ സിപിഎം എംപിമാരാണ്. എഎ റഹീം കൂടി വരുന്നതോടെ ഇത് മൂന്നാവും. എന്നാൽ കോൺഗ്രസിന് ഒരു മുസ്ലിം എംപി പോലുമില്ല. ടി.സിദ്ദീഖിനെ വയനാട്ടിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ വേണ്ടി അദ്ദേഹത്തെ മാറ്റിയതിനെതിരെയും വിമർശനമുയർന്നിരുന്നു. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ജെബി മേത്തറെ സ്ഥാനാർഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.


Related Tags :
Similar Posts