ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്, കോപ്പിയടിച്ചിട്ടില്ലെന്ന് ചിന്താ ജെറോം
|തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ല
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തില്‍ സംഭവിച്ചത് സാന്ദര്‍ഭികമായ പിഴവെന്ന് ചിന്താ ജെറോം. തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ പിഴവ് തിരുത്തും. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ല. ചെറിയ തെറ്റിനെ പർവതീകരിച്ചു. വ്യക്തി ജീവിതത്തെയും പൊതുജീവിതത്തെയും സ്വാധീനിച്ചവർ എന്ന നിലയിലാണ് പിണറായി ഉൾപ്പെടെയുള്ളവർക്ക് നന്ദി പറഞ്ഞത്. ഒരു സെന്‍റന്‍സ് പോലും പകര്‍ത്തി എഴുതിയിട്ടില്ല. നിരവധി ലേഖനങ്ങളിലെയും ആനുകാലികങ്ങളിലെയുമൊക്കെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. റഫറന്‍സില്‍ അതു കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത് തുറന്ന മനസോടെ സ്വീകരിക്കുന്നു.
നിരവധി തവണ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയതാണ്. ഒരുപാട് പ്രാവശ്യം പ്രൂഫ് നോക്കിയതാണ്. ആനുവല്‍ റിവ്യൂ നടന്നിട്ടുണ്ട്. അതുപോലെ തന്നെ റീ സബ്മിഷന്‍ സെമിനാര്‍ നടന്നിട്ടുണ്ട്.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ ഗവേഷണ പ്രബന്ധം യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിക്കുകയും അവിടെ നിന്ന് വാല്യുവേഷന് പോയിട്ടുമുണ്ട്. ഒരു വര്‍ഷം നീണ്ട വാലുവേഷന്‍ ടൈമിനു ശേഷമാണ് പിന്നീട് മൂന്നു റിപ്പോര്‍ട്ടുകളും വരുന്നത്. അതിനു ശേഷം ഓപ്പണ്‍ ഡിഫന്‍സ് നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ വച്ചാണ് ഓപ്പണ്‍ ഡിഫന്‍സ് അവതരിപ്പിക്കുന്നത്. അവിടെ നിരവധിയായ ചോദ്യോത്തരങ്ങള്‍ ഉണ്ടായിരുന്നുവെന്നും ചിന്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിന്തയുടെ ഗവേഷണ പ്രബന്ധ വിവാദത്തിൽ കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രബന്ധം നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. പരാതി വിശദമായി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു.പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർത്ഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. സമാനമായ നിരവധി പിഴവുകൾ പ്രബന്ധത്തിൽ ഉണ്ടെന്നും പരാതിക്കാർ ഉന്നയിക്കുന്നു. നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.