ജെസ്‌ന തിരോധാനക്കേസ്; സി.ബി.ഐ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
|ജെസ്നയുടെ പിതാവ് ജെയിംസിന്റെ ഹരജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നിർദേശം.
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജെസ്നയുടെ പിതാവ് ജെയിംസിന്റെ ഹരജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സി.ബി.ഐ പരിശോധിച്ചില്ലെന്ന് പിതാവ് പറഞ്ഞു. ഇതിലടക്കം വിശദീകരണം നൽകാനാണ് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്.
കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നൽകിയ ക്ലോഷർ റിപ്പോർട്ടിനെതിരെ ജെയിംസ് തടസ്സഹരജി നൽകിയിരുന്നു. അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം തടസ്സഹരജിയിലെ വാദങ്ങൾക്ക് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്. ജെസ്‌നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങൾ സി.ബി.ഐ തള്ളുകയും ചെയ്തിരുന്നു. ഹരജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ല. ചോദ്യം ചെയ്തപ്പോൾ ജസ്നയുടെ പിതാവ് ഇപ്പോൾ ഹരജിയിൽ ആരോപിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും സി.ബി.ഐ വാദിച്ചിരുന്നു.