ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സിയിൽ നിന്ന് രാജിവെച്ചു
|സമസ്തക്ക് അനഭിമതനായ ആളെ സി.ഐ.സി ജനറൽ സെക്രട്ടറി ആക്കിയതിനെ തുടർന്നാണ് രാജി
മലപ്പുറം: സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സി ഭാരവാഹിത്വം രാജിവെച്ചു. സമസ്തയ്ക്ക് സ്വീകാര്യനല്ലാത്ത ഹബീബുല്ല ഫൈസിയെ സി.ഐ.സി ജനറല്‍ സെക്രട്ടറിയായി തീരുമാനിച്ചതിനെ തുടർന്നാണ് രാജി. സി.ഐ.സിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉണ്ടാക്കിയ ധാരണ മറികടന്നാണ് നിയമനമെന്നാണ് സമസ്തയുടെ ആരോപണം.
ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജി സ്വീകരിച്ച് പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിച്ചപ്പോള്‍ കൂടിയാലോചന ഉണ്ടായില്ലെന്നാണ് സമസ്ത നേതാക്കളുടെ ആരോപണം. ഹകീം ഫൈസി മാറുമ്പോള്‍ പകരം വരേണ്ടത് സമസ്തക്ക് കൂടി അംഗീകരിക്കാന്‍ കഴിയുന്ന ആളായിരിക്കമെന്നതായിരുന്നു സമസ്ത നേതാക്കളും സാദിഖലി തങ്ങളും തമ്മിലെ ധാരണ. പുതിയ ജനറല്‍ സെക്രട്ടറി വന്ന ശേഷം ഭരണഘടന, സിലബസ് എന്നിവ സംബന്ധിച്ച ചർച്ചകളിലേക്ക് പോകാമെന്ന് തീരുമാനിച്ചതാണെന്നും സമസ്ത നേതാക്കള്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ നിയമിക്കപ്പെട്ട ഹബീബുല്ല ഫൈസി സാമൂഹ്യ മാധ്യമങ്ങളിലൂടെ സമസ്ത നേതാക്കളുമായി തർക്കത്തില്‍ ഏർപ്പെട്ടയാളാണെന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്. ഈ നിയമനം നിലവിലെ ധാരണയ്ക്ക് എതിരാണ്. ഈ സാഹചര്യത്തിലാണ് സമസ്ത നേതാക്കള്‍ സി.ഐ.സി സമിതികളില്‍ നിന്ന് രാജിവെച്ചത്.
സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ സി.ഐ.സി ഉപദേശക സമിതി അംഗത്വം രാജിവെച്ചു. സി.ഐ.സി പരീക്ഷാ ബോർഡ് ചെയർമാനായിരുന്ന സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാരും രാജിവെച്ചു. ഇതോടെ സി.ഐ.സിയുമായുള്ള സമവായ സാധ്യത അടഞ്ഞെന്നാണ് സമസ്ത നേതാക്കള്‍ പറയുന്നത്.
അതേസമയം സമസ്ത നേതാക്കളുമായി കൂടിയാലോചിച്ചാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിച്ചതെന്ന് സി.ഐ.സി വൃത്തങ്ങള്‍ അറിയിച്ചു. ഹകീം ഫൈസിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞവർ അദ്ദേഹത്തെ മാറ്റി പുതിയയാളെ തെരഞ്ഞെടുത്തപ്പോള്‍ അതും അംഗീകരിക്കില്ലെന്ന് പറയുന്നത് മനസിലാകുന്നില്ലെന്നും അവർ പറയുന്നു. സമസ്ത - സി.ഐ.സി തർക്കം പരിഹാരമാകാതെ തുടരുകയാണ്.