പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണം; ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്: ജിഫ്രി തങ്ങൾ
|ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ആരും നടത്തരുതെന്നും തങ്ങൾ പറഞ്ഞു.
കോഴിക്കോട്: പ്രസംഗിക്കുമ്പോൾ നേതാക്കൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ കഴിഞ്ഞ ദിവസം നടത്തിയ കൈവെട്ട് പരാമർശം വിവാദമായിരുന്നു. കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എസ്.കെ.എസ്.എസ്.എഫ് നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനവേദിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽനിന്ന് ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ള നേതാക്കളെ മാറ്റിനിർത്തിയതിന് പിന്നാലെ സമസ്തയിലെ യുവനേതാക്കൾ നടത്തിയ പല പരാമർശങ്ങളും വിവാദമായിരുന്നു. ഒരു തറവാടിനും സവിശേഷമായ പ്രാധാന്യമില്ലെന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസിയുടെ പരാമർശം പാണക്കാട് കുടുംബത്തെ കുറിച്ചാണെന്ന് ആരോപണമുയർന്നു. ഇതിന് പിന്നാലെ പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങൾ ജയിലിൽവച്ച് ബ്രിട്ടീഷ് സർക്കാരിനോട് മാപ്പപേക്ഷ നടത്തിയെന്ന സത്യധാര എഡിറ്റർ അൻവർ സാദിഖ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് അദ്ദേഹം പിൻവലിക്കുകയും ചെയ്തിരുന്നു.