![ഒരു പാർട്ടിയുമായും അകലമില്ല, ലീഗിന്റേത് രാഷ്ട്രീയ റാലി: ജിഫ്രി തങ്ങൾ ഒരു പാർട്ടിയുമായും അകലമില്ല, ലീഗിന്റേത് രാഷ്ട്രീയ റാലി: ജിഫ്രി തങ്ങൾ](https://www.mediaoneonline.com/h-upload/2021/12/08/1262606-jifri-thangal.webp)
ഒരു പാർട്ടിയുമായും അകലമില്ല, ലീഗിന്റേത് രാഷ്ട്രീയ റാലി: ജിഫ്രി തങ്ങൾ
![](/images/authorplaceholder.jpg?type=1&v=2)
"മുസ്‌ലിം സംഘടനകളുടെ പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തക്കില്ല"
മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തുന്നത് രാഷ്ട്രീയ റാലിയെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പാർട്ടിയുമായും സമസ്തക്ക് അകലമില്ലെന്നും തങ്ങൾ പറഞ്ഞു. ചേളാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
ലീഗുമായി അകലമുണ്ടോ എന്ന ചോദ്യത്തിനാണ് ഒരു പാർട്ടിയുമായും അകലമില്ല എന്ന് തങ്ങൾ മറുപടി നൽകിയത്. 'ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണ്. മുസ്‌ലിം സംഘടനകളുടെ പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തക്കില്ല. അത് ആവശ്യം വരുമ്പോൾ തങ്ങന്മാർ വിളിക്കുമ്പോൾ കൂടിയിരുന്ന് ചർച്ച ചെയ്യുക എന്നതാണ്' - തങ്ങൾ കൂട്ടിച്ചേർത്തു.
'ആദ്യം തന്നെ ഞങ്ങൾ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വച്ചതാണ്. ഞങ്ങൾ സംസാരിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു. നമുക്കീ വിഷയം സംസാരിച്ചു തീർക്കണം എന്ന് പറഞ്ഞു. സംസാരം അനുകൂലമാണെങ്കിൽ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കിൽ അതിനനുസരിച്ച്് കാര്യങ്ങൾ തീരുമാനിക്കും.' - തങ്ങൾ പറഞ്ഞു.
നിയമം പിൻവലിച്ചിട്ടില്ലല്ലോ എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ 'പിൻവലിക്കാൻ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടർനടപടി ഇല്ലാത്ത നിലയ്ക്ക് ഭാവിൽ എന്തു ചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് പറഞ്ഞത്. ഇത് മാന്യമായ വാക്കല്ലേ.' - എന്ന് തങ്ങൾ ചോദിച്ചു. 'ഞങ്ങൾ ആദ്യമേ സമരം ചെയ്തിട്ടില്ല. സമസ്തക്ക് സമരം എന്നൊരു സംഗതിയില്ല. പിന്നെ പ്രതിഷേധമാണ്. സമസ്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ട്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.