ഉലമാക്കളും ഉമറാക്കളും ഒരുമിച്ചിരിക്കുന്ന കാലത്തോളം ഭിന്നതയുണ്ടാക്കാൻ ആർക്കും സാധ്യമല്ല: ജിഫ്രി തങ്ങൾ
|സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണ്ഡിതൻമാർ ശ്രമിക്കരുത്. ദീനിന്റെ നിലനിൽപ്പിന് ആവശ്യമായ നന്മകൾ ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽ പറഞ്ഞു.
പട്ടിക്കാട്: സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് പൂർവികരുടെ പാരമ്പര്യം മുറുകെപ്പിടിച്ച് മുന്നോട്ട് പോകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കുഴപ്പങ്ങളുടെ കാലമാണ്. കടലിൽനിന്നും ആകാശത്തുനിന്ന് കുഴപ്പങ്ങളുണ്ടാകുന്ന കാലം വരുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നമ്മൾ അതിലേക്കൊന്നും ശ്രദ്ധിക്കരുത്. പ്രവാചകൻ ഒരിക്കൽ ലൈലത്തുൽ ഖദ്‌റിനെക്കുറിച്ച് പറയാൻ അനുയായികളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അനുചരൻമാർക്കിടയിൽ ചില തർക്കങ്ങളുണ്ടായി. ഇത് മൂലം ലൈലതുൽ ഖദ്ർ സംബന്ധിച്ച അറിവ് ഉയർത്തപ്പെട്ടുപോയി എന്നാണ് പ്രവാചകൻ പറഞ്ഞത്. ഭിന്നത എത്ര വലിയ അപകടമാണെന്ന സൂചനയാണ് ഈ സംഭവത്തിലൂടെ പ്രവാചകൻ പഠിപ്പിച്ചതെന്നും തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജിന്റെ വാർഷിക സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻഗാമികൾ ചെയ്ത നന്മകൾ കാത്തുസൂക്ഷിക്കണം. പരസ്പരം കലഹമുണ്ടാക്കാതെ ഒരുമിച്ച് നിൽക്കണം. സമസ്ത രൂപീകരിച്ച കാലം മുതൽ സ്വീകരിച്ചുപോരുന്ന സമീപനത്തിന് ആരുടെ ഭാഗത്തുനിന്നും തടസ്സമുണ്ടാകരുത്. കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ അത് ഉണ്ടായാൽ നിയന്ത്രിക്കാനാവില്ല. വാട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പലതും എഴുതിവിടുന്നവർ ഭിന്നതക്ക് ശ്രമിക്കരുത്. സമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്‌നേഹവും അടുപ്പവുമുണ്ടാവും. അത് തകർക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പണ്ഡിതൻമാർ ശ്രമിക്കരുത്. ദീനിന്റെ നിലനിൽപ്പിന് ആവശ്യമായ നന്മകൾ ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഒരുമിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കണം. മുൻഗാമികളുടെ മാതൃക പിൻപറ്റണം. സമസ്തക്ക് മുൻകാലത്ത് പ്രത്യേക ബന്ധമുള്ള പല സംഘടനകളുമുണ്ട്. അവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കണം. അത്തരം ബന്ധങ്ങൾക്ക് കോട്ടമുണ്ടാക്കാൻ ഇവിടെയുള്ള ഉലമാക്കളും ഉമറാക്കളും ഒന്നിച്ചിരിക്കുന്ന കാലത്തോളം സാധ്യമല്ല. ഏതെങ്കിലും സ്ഥാനങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല പണ്ഡിതൻമാരുടെ മഹത്വം അളക്കേണ്ടത്. വിവിധ വിഷയങ്ങൾ മതപരമായി എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പണ്ഡിതൻമാരുടെ മഹത്വത്തിന്റെ അടിസ്ഥാനമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
പണ്ഡിതൻമാരും സാദാത്തുക്കളും ഒരുമിച്ച പ്രവർത്തിച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയ പടുത്തുയർത്തിയത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയ സാദാത്തുക്കൾ. സമസ്തയുടെ നേതാക്കളായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, കെ.കെ അബൂബക്കർ ഹസ്‌റത്ത്, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയർ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാണ് ജാമിഅ പടുത്തുയർത്തി. പരസ്പരമുള്ള പോരും വിദ്വേഷവും എല്ലാം ഒഴിവാക്കി ഒരുമിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണമെന്നും തങ്ങൾ പറഞ്ഞു.