Kerala
ബഹാഉദ്ദീൻ നദ്‌വിയുടേത് വ്യക്തിപരമായ അഭിപ്രായം; സിപിഎം സെമിനാറിൽ സമസ്തയിലെ ഭിന്നാഭിപ്രായങ്ങൾ തള്ളി ജിഫ്‌രി തങ്ങൾ
Kerala

ബഹാഉദ്ദീൻ നദ്‌വിയുടേത് വ്യക്തിപരമായ അഭിപ്രായം; സിപിഎം സെമിനാറിൽ സമസ്തയിലെ ഭിന്നാഭിപ്രായങ്ങൾ തള്ളി ജിഫ്‌രി തങ്ങൾ

Web Desk
|
16 July 2023 6:32 AM GMT

"പൊതുവിഷയങ്ങളിൽ മതമോ മതമില്ലായ്മയോ പരസ്പരം കൈ കോർക്കുന്നതിന് തടസ്സമാകരുത്"

ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ സമസ്ത പ്രതിനിധികൾ പങ്കെടുത്തതിനെ ചൊല്ലി സംഘടനയ്ക്കുള്ളിൽ ഉയർന്ന ഭിന്നാഭിപ്രായങ്ങൾ തള്ളി പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ഏക വ്യക്തിനിയമത്തിനെതിരെ സിപിഎം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്നും പുര കത്തുമ്പോൾ വരുന്നത് കമ്യൂണിസ്റ്റുകാരാണോ അല്ലയോ എന്നൊന്നും പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിയുടേത് വ്യക്തിപരമായ നിലപാടാണ്. കമ്യൂണിസ്റ്റുകൾ ചരിത്രത്തിൽ മുസ്‌ലിം വിരുദ്ധ നിലപാട് എടുത്തിട്ടുണ്ടാകാം. അതിനിപ്പോൾ പ്രസക്തിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സിപിഎം മാത്രമല്ല, സംസ്ഥാനത്ത് കോൺഗ്രസും ഏക സിവിൽ കോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം സെമിനാറിൽ ലീഗ് പങ്കെടുക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്. കോൺഗ്രസ് അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല. യുഡിഎഫ് മുന്നണിയിൽ നിൽക്കുന്നതു കൊണ്ടാണ് ലീഗിന് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. മുന്നണിയിലെ സഖ്യകക്ഷികൾ ഒക്കച്ചങ്ങാതിമാർ ആണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അതിനർത്ഥം ലീഗ് സിപിഎം സെമിനാറിന് എതിരാണ് എന്നല്ല- ജിഫ്‌രി തങ്ങൾ പറഞ്ഞു.

സമസ്ത ഏതെങ്കിലും രാഷ്ടീയപ്പാർട്ടിയുടെ ബി ടീം അല്ലെന്നും മുസ്‌ലിം ലീഗിനെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. തന്റെ മുൻഗാമികളെല്ലാം നല്ല കാഴ്ചപ്പാടുള്ള മഹാന്മാരായിരുന്നു. മത മേഖലയിൽ വലിയ പണ്ഡിതരായിരുന്നു അവർ. പുറത്തുനിന്നുള്ള ആളുകൾ സമസ്തയെ ഗൗരവത്തോടെ കാണുന്നു എന്നത് നല്ല കാര്യമാണ്. സമസ്ത ഏതെങ്കിലും ഭൗതിക നേട്ടങ്ങൾക്ക് രൂപവത്കരിക്കപ്പെട്ട സംഘടനയല്ല. വിശ്വാസികളുടെ ആത്മീയകാര്യങ്ങൾക്ക് വഴി കാണിക്കാൻ രൂപവത്കരിച്ചതാണ്. മതവിഷയങ്ങൾ മാത്രമേ തങ്ങൾ അഭിപ്രായം പറയാറുള്ളൂ. - അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്യൂണിസം, മറ്റു നിരീശ്വരവാദ ആശയങ്ങൾ എന്നിവയോട് സമസ്തയുടെ നിലപാട് എന്താണ് എന്ന ചോദ്യത്തിന്, 'കമ്യൂണിസ്റ്റുകൾക്ക് അവരുടേതായ വിശ്വാസ സംവിധാനമുണ്ട്. കോൺഗ്രസിന് അവരുടേതും. ഒരു ബഹുസ്വര സമൂഹത്തിൽ മതമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം. പൊതുവിഷയം വരുമ്പോൾ ഒരാളുടെ മതമോ മതമില്ലായ്‌മോ പരസ്പരം കൈ കോർക്കുന്നതിന് തടസ്സമാകരുത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'സിഎഎ പരിപാടിയിലേക്ക് ക്ഷണിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ആദ്യമായി എന്നെ വിളിച്ചത്. അങ്ങനെയാണ് ഞങ്ങൾ പരസ്പരം ബന്ധപ്പെടുന്നത്. മറ്റു ചില സന്ദർഭങ്ങളിലും ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. വാക്കു പാലിക്കുന്നയാളാണ് അദ്ദേഹം. മറ്റു രാഷ്ട്രീയ നേതാക്കൾ അങ്ങനെയല്ല എന്ന് അതിന് അർത്ഥമില്ല. ഉമ്മൻചാണ്ടിയും കെ കരുണാകരനും അതുപോലെ തന്നെ ആയിരുന്നു. എല്ലാവരും ഞങ്ങൾക്ക് ഗുണമേ ചെയ്തുള്ളൂ' - അദ്ദേഹം പറഞ്ഞു.

വഖ്ഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധം തടഞ്ഞ തീരുമാനത്തെ ജിഫ്‌രി തങ്ങൾ ന്യായീകരിച്ചു. 'പള്ളികൾ ആത്മീയ കേന്ദ്രങ്ങളാണ്. പള്ളികളിലേക്ക് വരുന്നവരിൽ വിവിധ രാഷ്ട്രീയ വിശ്വാസങ്ങളിൽപ്പെട്ടവരുണ്ട്. രാഷ്ട്രീയം പള്ളിയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിപരമായ തീരുമാനമല്ല. രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് പള്ളികൾ ഉപയോഗിക്കുന്നതിന് സമസ്ത എതിരാണ്.' - അദ്ദേഹം പറഞ്ഞു. പ്രതിഷേധം മാറ്റി വയ്ക്കാൻ പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടില്ല എന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂലമായ തീരുമാനമെടുക്കാം എന്ന് ഉറപ്പുനൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Similar Posts