കോൺഗ്രസ് രാജ്യത്തെ വൻ ശക്തിയാവണം; പ്രസംഗം മാത്രം പോരാ പ്രവർത്തനവും വേണം: ജിഫ്രി തങ്ങൾ
|എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് ഭരണം നടത്താനാകുമെന്ന് കോൺഗ്രസ് തെളിയിച്ചതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
കോഴിക്കോട്: കോൺഗ്രസ് രാജ്യത്തെ വൻ ശക്തിയായി മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോൺഗ്രസിന് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. രാഹുൽ ഗാന്ധിക്ക് പാർലമെന്റിലേക്ക് തിരികെ വരാനായി. രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധിയിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വർധിച്ചെന്നും തങ്ങൾ പറഞ്ഞു. കെ.പി.സി.സി കോഴിക്കോട് സംഘടിപ്പിച്ച ജനസദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗം മാത്രം പോരാ, പ്രവർത്തനവും വേണമെന്നാണ് കോൺഗ്രസ് നേതാക്കളെ തനിക്ക് ഓർമിപ്പിക്കാനുള്ളതെന്ന് തങ്ങൾ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് വിവിധ വിഭാഗങ്ങളെ ഒന്നിച്ച് കൊണ്ടുപോയി. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് ഭരണം നടത്താനാകുമെന്ന് കോൺഗ്രസ് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ, ഹരിയാന സംഭവങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം. സമാധാനവും ശാന്തിയുമായണ് വേണ്ടത്. എല്ലാ മതങ്ങളും ഇത് തന്നെയാണ് മുന്നോട്ടുവെക്കുന്നത്. നന്മക്കെതിരെയുള്ള ശക്തികൾക്കെതിരെ സംഘടിക്കണം. ഇന്ത്യയുടെ പാരമ്പര്യം, മതേതരത്വം എല്ലാം നിലനിൽക്കണം. അക്രമവും അനീതിയും ചെറുക്കാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണം. എക സിവിൽകോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും തങ്ങൾ പറഞ്ഞു.