Kerala
ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍  പരിഹാസ്യം: എം.ഐ അബ്ദുല്‍ അസീസ്
Kerala

ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ പരിഹാസ്യം: എം.ഐ അബ്ദുല്‍ അസീസ്

Web Desk
|
15 Dec 2021 10:12 AM GMT

'ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തിന്റെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരുമാണ്'

കേരളത്തിന്റെയും സി.പി.എമ്മിന്‍റേയും രാഷ്ട്രീയ ചരിത്രത്തെ വിസ്മരിച്ച് ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രസ്താവന അത്യന്തം പരിഹാസ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രബലമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയത വിതച്ച് വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളോട് ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുവെച്ച് ദുരൂഹത ജനിപ്പിക്കുംവിധം വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാകേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു

ജമാഅത്തെ ഇസ്ലാമി ഇതിനു മുമ്പും ഇന്ത്യയിലെ ബി.ജെ.പി ഒഴികെയുളള രാഷ്ട്രീയ കക്ഷികളുമായി തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചുപോന്ന സംഘടനയാണ്. നീതിയും സമാധാനവും പുലരുന്ന രാജ്യതാല്‍പര്യം മാത്രം മുന്നില്‍കണ്ടുള്ള രാഷ്ട്രീയ പിന്തുണയായിരുന്നു അവയൊക്കെയും. കേരളത്തിലെ സി.പി.എമ്മടക്കമുള്ള ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തിന്റെ ഈ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയപിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ലെങ്കില്‍ മുസ്ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അത് വകവെച്ചുകൊടുക്കാനുള്ള ജനാധിപത്യമര്യാദ മുഖ്യമന്ത്രി കാട്ടണം. തങ്ങളുടെ കൂടെകൂടുമ്പോള്‍ മാത്രം ഒരു കൂട്ടര്‍ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോള്‍ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts