Kerala
Jiji Thomson on Amayizhanjan canal mishap
Kerala

'തോട് വൃത്തിയാക്കാൻ നോക്കുമ്പോ എഞ്ചിനീയർ പറയും ഇത് നമ്മുടെയല്ലാന്ന്, ഏകോപനമില്ലാത്തത് പ്രശ്‌നം'- ജിജി തോംസൺ

Web Desk
|
14 July 2024 9:49 AM GMT

വകുപ്പുകളെ ഏകോപിപ്പിക്കുക വലിയ വെല്ലുവിളിയാണെന്നും ജിജി തോംസൺ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് തോട്ടിലെ മാലിന്യപ്രശ്‌നത്തിന് ഒരു വലിയ കാരണമെന്നും വകുപ്പുകളെ ഏകോപിപ്പിക്കുക വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

"ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കപ്പെടാത്തതിന് പ്രധാനകാരണം വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. ആമയിഴഞ്ചാനുമായി ബന്ധപ്പെടുന്ന ഒരുപാട് ഏജൻസികളുണ്ട്. റെയിൽവേ, കോർപറേഷൻ, നാഷണൽ ഹൈവേ, പിഡബ്ല്യൂഡി, ഇറിഗേഷൻ മൈനർ, കെഎസ്ഇബി, വാട്ടർ അതോറിറ്റി... ഇത് പോരാഞ്ഞ് ട്രിവാൻഡ്രം ഡെവലപ്‌മെന്റ് അതോറിറ്റിയും.

നമ്മൾ തോട് വൃത്തിയാക്കാൻ ശ്രമിക്കുമ്പോ എഞ്ചിനീയർ പറയും സാറേ ഇത് നമ്മുടെയല്ലാന്ന്. ഈ വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. ആ ഏകോപനം നടക്കണമെങ്കിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുന്നിട്ടിറങ്ങുക തന്നെ വേണം. പൊതുജനത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന എന്ത് കാര്യമുണ്ടായാലും നമുക്ക് അടിയന്തരമായി നടപടിയെടുക്കാം. കോടതി പോലും ചോദിക്കില്ല.

2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഞാൻ ചീഫ് സെക്രട്ടറിയായത്. അന്നൊരു വെള്ളപ്പൊക്കമുണ്ടാവുകയും തിരുവനന്തപുരം നഗരം മുഴുവൻ വെള്ളത്തിനടിയിലാവുകയും ചെയ്തു. അന്ന് ഞാൻ ജനങ്ങളുടെ ദുരന്തം നേരിൽ കണ്ടതാണ്. അത് ഞാൻ റെക്കോർഡ് ചെയ്ത് മുഖ്യമന്ത്രിയെ കാണിക്കുകയും ചെയ്തു. ഇതിങ്ങനെ കിടക്കുന്നത് നാണക്കേടാണെന്നാണ് അന്ന് മന്ത്രിമാരൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞത്.

യുഡിഎഫ് ആണോ എൽഡിഎഫ് ആണോ എന്ന് നോക്കേണ്ടതില്ല, ഫലപ്രദമായ നടപടിയെടുക്കണം. ആമയിഴഞ്ചാൻ തോട്ടിലെ കാര്യത്തിൽ റെയിൽവേയും കോർപറേഷനും കൈമലർത്തും. പക്ഷേ മാലിന്യം വൃത്തിയാക്കേണ്ടത് കോർപറേഷൻ അല്ലേ. ഇത്രയധികം ക്യാമറകൾ എല്ലായിടത്തും വെച്ചിട്ടില്ലേ. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കോർപറേഷൻ എന്ത് നടപടിയെടുത്തു? പരസ്പരം പഴിചാരാൻ വളരെയെളുപ്പമാണ്.

സിംഗപ്പൂരിലൊക്കെ നോക്കൂ... റോഡിൽ തുപ്പിയാൽ 500 ഡോളർ ആണ് പിഴ. കർശന നടപടിയുണ്ടെന്ന് ജനത്തിന് തോന്നിയാൽ ഒരാളും മാലിന്യം വലിച്ചെറിയാൻ ധൈര്യപ്പെടില്ല. ഈവക കാര്യങ്ങളിലൊക്കെ മുഖം നോക്കാതെ നടപടിയെടുക്കാനാകണം. അതിന് സജ്ജരാണ് നമ്മൾ. പക്ഷേ അത് ചെയ്യുന്നില്ല". അദ്ദേഹം പറഞ്ഞു.

Similar Posts