Kerala
മകൻ പോയി, മറ്റേതെങ്കിലും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് മാത്രമാണ് ചിന്തിച്ചത്... അവയവം ദാനം ചെയ്ത ജിജിത്തിന്റെ അമ്മ
Kerala

'മകൻ പോയി, മറ്റേതെങ്കിലും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് മാത്രമാണ് ചിന്തിച്ചത്'... അവയവം ദാനം ചെയ്ത ജിജിത്തിന്റെ അമ്മ

Web Desk
|
21 Jun 2022 7:20 AM GMT

വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കുടുംബം

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയത് മൂലം മരിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിർ പ്രതികരിക്കാനില്ലെന്ന് അവയവം ദാനം ചെയ്ത ജിജിത്തിന്റെ കുടുംബം. മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവം ദാനം ചെയ്യുക എന്നത് കുടുംബം കൂട്ടമായി എടുത്ത തീരുമാനമാണ്.

'മകൻ പോയി; അതു കൊണ്ട് മറ്റേതെങ്കിലും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ ' എന്ന് മാത്രമാണ് ചിന്തിച്ചത് എന്ന് അമ്മ ശാന്ത മാധ്യമങ്ങളോട് പറഞ്ഞു. ഏഴുപേർക്കാണ് അവയവ ദാനം നടത്തിയത്. കഴിഞ്ഞ 14 നാണ് 34 കാരനായ ജിജിത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിജിത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.

മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് മെഡിക്കൽ കേളേജിലെത്തിയത്. മെഡിക്കൽകോളജിൽ നാല് മണിക്കൂർ കഴിഞ്ഞാണ് ശസ്ത്രിക്രിയ നടന്നത്. ശസ്ത്രക്രിയ വൈകിയതിനാലാണ് കാരണക്കോണം സ്വദേശിയായ സുരേഷ് കുമാർ മരിച്ചതെന്നാണ് ആക്ഷേപം.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്‌പെന്ഡ് ചെയ്തത്. എന്നാൽ ഡോക്ടർമാരെ ബലിയാടാക്കുകായണെന്ന ആരോപണവുമായി മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എ രംഗത്തുവന്നിരുന്നു. എന്നാല്‍ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്ക് തന്നെയാണെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്.


Similar Posts