ജോറായില്ല ജോ; സെഞ്ച്വറിയില്ലാതെ ക്യാപ്റ്റന്‍
|വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ഉമ തോമസിന് വെല്ലുവിളി ഉയര്‍ത്താന്‍ ജോ ജോസഫിന് കഴിഞ്ഞില്ല
എല്‍.ഡി.എഫിനെ സംബന്ധിച്ച് മണ്ഡല രൂപീകരണം മുതല്‍ ബാലികേറാമലയാണ് തൃക്കാക്കര. എന്നാല്‍ ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസവുമായി, കെ റെയില്‍ ഉള്‍പ്പെടെ വികസന മുദ്രാവാക്യം മുഴക്കിയാണ് എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പിനിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍.ഡി.എഫ് ആഗ്രഹിച്ചിരുന്നില്ല. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഡോ.ജോ ജോസഫിനെ രംഗത്തിറക്കി കളം നിറയാന്‍ ശ്രമിച്ചെങ്കിലും വോട്ടെണ്ണിയപ്പോള്‍ കണ്ടത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ തേരോട്ടമാണ്. ആദ്യ ഘട്ടം മുതല്‍ പി.ടിയുടെ കഴിഞ്ഞ തവണത്തെ ലീഡിനെ മറികടന്ന് തൃക്കാക്കര ഉമ തോമസ് കൈപ്പിടിയിലൊതുക്കി.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. 2011ലാണ് മണ്ഡലം രൂപീകരിക്കപ്പെട്ടത്. മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം. 2011ല്‍ ബെന്നി ബെഹന്നാനും 2016ലും 2021ലും പി.ടി തോമസുമാണ് ജയിച്ചത്. 2016ല്‍ സെബാസ്റ്റ്യന്‍ പോളായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 2021ലാകട്ടെ ഡോ ജെ ജേക്കബും. ഇരു തെരഞ്ഞെടുപ്പുകളിലും പി.ടി തോമസാണ് ജയിച്ചത്. പി.ടി തോമസിന്‍റെ വിയോഗത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
തുടക്കം മുതല്‍ സംഭവ ബഹുലമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ് ആദ്യം കളം നിറഞ്ഞു. പതിവു ഗ്രൂപ്പ് തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലാതെയാണ് ഉമ തോമസ് എന്ന ഒറ്റപ്പേരിലേക്ക് കോണ്‍ഗ്രസ് എത്തിയത്. പി.ടി തോമസിന് തുടര്‍ച്ച തേടിയാണ് ഉമ തോമസ് വോട്ട് തേടിയത്.
എന്നാല്‍ ആരാവണം സ്ഥാനാര്‍ഥി എന്നത് സംബന്ധിച്ച് പതിവില്ലാത്ത ആശയക്കുഴപ്പങ്ങളാണ് എല്‍.ഡി.എഫ് ക്യാമ്പിലുണ്ടായത്. കെ.എസ് അരുണ്‍ കുമാറായിരിക്കും സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പ്രവര്‍ത്തകര്‍ ചുവരെഴുത്ത് തുടങ്ങി. ഒടുവില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി സി.പി.എം ഡോ.ജോ ജോസഫിനെ അവതരിപ്പിച്ചു. ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ.ജോ. സ്വതന്ത്രനായല്ല, സി.പി.എമ്മിന്‍റെ പാര്‍ട്ടി ചിഹ്നത്തിലാണ് ജോ ജോസഫിനെ അവതരിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എല്‍.ഡി.എഫിന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കി. വികസനവും സില്‍വര്‍ലൈനും എല്ലാമായിരുന്നു ആദ്യ ഘട്ടത്തിലെ വിഷയങ്ങള്‍. തൃക്കാക്കരയ്ക്ക് ആവശ്യം ഭരണപക്ഷ എം.എല്‍.എയാണെന്നും നിയമസഭയില്‍ നൂറാമനായി എല്‍.ഡി.എഫ് സെഞ്ച്വറിയടിക്കുമെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് താപനില വര്‍ധിച്ചതിനൊപ്പം തൃക്കാക്കരയുടെ അന്തരീക്ഷം ആരോപണ പ്രത്യാരോപണങ്ങളാല്‍ മലീമസമായി. 'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള ഒരവസരം തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ്' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടി. പി.ടിയുടെ വിയോഗത്തെ മുഖ്യമന്ത്രി സൌഭാഗ്യമായാണ് കാണുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. 'ചങ്ങലയില്‍ നിന്ന് പൊട്ടിയ നായയെ പോലെ' എന്ന് മുഖ്യമന്ത്രിയെ കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് എല്‍.ഡി.എഫും വിഷയമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടേതെന്ന പേരില്‍ അശ്ലീല ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ തൃക്കാക്കരയിലെ പ്രചാരണം എല്ലാ മര്യാദകളുടെയും അതിരുകള്‍ ലംഘിച്ചു. സംഭവത്തില്‍ വോട്ടെടുപ്പ് ദിനത്തില്‍ ഉള്‍പ്പെടെ അറസ്റ്റുണ്ടായി. പ്രതി ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.എം ആരോപിച്ചപ്പോള്‍ യു.ഡി.എഫ് നിഷേധിച്ചു.
വോട്ടെടുപ്പ് ദിനത്തില്‍ കള്ളവോട്ടിന് ശ്രമമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതെന്ന് യു.ഡി.എഫ് ആരോപിച്ചു. കള്ളവോട്ട് ചെയ്യുന്നത് യു.ഡി.എഫ് ആണെന്നാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മറുപടി.
സഭയുടെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്ന ആരോപണം യു.ഡി.എഫ് ക്യാമ്പ് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നു. ആ ആരോപണം തിരിച്ചടിക്കുമെന്ന് ഭയന്നിട്ടാവാം കോണ്‍ഗ്രസ് നേതാക്കള്‍ ആ ആരോപണങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. അതിനിടെ വിദ്വേഷ പ്രസംഗക്കേസിലെ പി.സി ജോര്‍ജിന്‍റെ അറസ്റ്റ് ആര്‍ക്ക് അനുകൂലമാകുമെന്ന് ഇരു ക്യമ്പുകളിലും ആശങ്കയുണ്ടായിരുന്നു. പി.സി ജോര്‍ജ് ജാമ്യത്തിലിറങ്ങി തൃക്കാക്കരയിലെത്തി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം വര്‍ധിച്ചിട്ടില്ല എന്നതാണ് നിലവിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ട്വന്‍റി 20യുടെ വോട്ടുകള്‍ ആര്‍ക്കാണ് അനുകൂലമായതെന്ന് അറിയേണ്ടതുണ്ട്.
68.77 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്. അടിയൊഴുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്നതായിരുന്നു മുന്നണികളുടെ ആശങ്ക. 8000 വരെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എല്‍.ഡി.എഫാകട്ടെ 3000 വോട്ട് വരെ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ഉമയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ജോയ്ക്ക് കഴിഞ്ഞില്ല. ആദ്യ രണ്ട് റൌണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചു. യു.ഡി.എഫിന്‍റെ പോലും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടുള്ള ഭൂരിപക്ഷമാണ് ഉമ തോമസ് സ്വന്തമാക്കിയത്.