Kerala
തൃക്കാക്കരയില്‍ പത്രിക നല്‍കിയത് 19 പേര്‍; ജോ ജോസഫിന് അപര ഭീഷണി
Kerala

തൃക്കാക്കരയില്‍ പത്രിക നല്‍കിയത് 19 പേര്‍; ജോ ജോസഫിന് അപര ഭീഷണി

Web Desk
|
11 May 2022 2:43 PM GMT

അപരനെ നിർത്തിയത് യു.ഡി.എഫാണെന്ന് എം സ്വരാജ്

കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപര ഭീഷണി. ജോമോൻ ജോസഫാണ് സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്നത്. അപരനെ നിർത്തിയത് യു.ഡി.എഫാണെന്ന് എം സ്വരാജ് പ്രതികരിച്ചു. എന്നാല്‍ ആരോപണം കോൺഗ്രസ് നിഷേധിച്ചു.

പത്രികാ സമർപ്പണം പൂർത്തിയായതോടെ തൃക്കാക്കരയിൽ മത്സര രംഗത്തുള്ളത് 19 സ്ഥാനാർഥികളാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിയുമ്പോള്‍ മാത്രമേ അന്തിമ സ്ഥാനാര്‍ഥി ചിത്രം വ്യക്തമാകൂ. 19ല്‍ മൂന്നു പേര്‍ മുന്നണികളുടെ സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ സ്വതന്ത്ര സ്ഥാനാര്‍‌ഥികളാണ്.

തെരഞ്ഞെടുപ്പ് ചൂട് ഓരോ ദിവസവും കൂടുകയാണ് തൃക്കാക്കരയില്‍. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. ജോ ജോസഫിന്‍റെ പ്രചാരണം ഇടപ്പള്ളി, കടവന്ത്ര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു. വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും കയറി സ്ഥാനാര്‍ഥി വോട്ട് അഭ്യർഥിച്ചു. ജോ ജോസഫിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തൃക്കാക്കരയിലെത്തും.

പാലാരിവട്ടത്തും വെണ്ണലയിലും വീടുകൾ കയറി ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. വീടുകളിലും ക്ഷേത്രങ്ങളിലും കയറി വോട്ട് ചോദിച്ചായിരുന്നു എന്‍.ഡി.എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്‍റെ പ്രചാരണം. വരും ദിവസങ്ങളിലും കൂടുതൽ നേതാക്കൾ എത്തുന്നതോടെ പ്രചാരണം പൊടിപൊടിക്കും.

Similar Posts