ഓൺലൈൻ പണം തട്ടിപ്പിനു വേണ്ടി കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ
|ആലപ്പുഴ സ്വദേശി ജെയ്സിനെ കൊല്ലം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്
കൊല്ലം: ഓൺലൈൻ പണം തട്ടിപ്പിനു വേണ്ടി കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി ജെയ്സിനെ കൊല്ലം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവർ മൂന്നായി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതി കഴിഞ്ഞയാഴ്ച പൊലീസിന്റെ പിടിയിലായിരുന്നു. വെള്ളിമൺ സ്വദേശിയായ പ്രവീണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയെ പിടികൂടാൻ പൊലീസിന് ആയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ജയ്സിനെ ആണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജൈസും പ്രവീണും പ്രവീണിന്റെ സഹോദരൻ പ്രണവും കംബോഡിയൻ പൗരനും ചേർന്നാണ് തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് കണ്ടെത്തി. മെച്ചപ്പെട്ട ജോലിയും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു മലയാളി യുവാക്കളെ കടത്തിയിരുന്നത്.
വിയറ്റ്നാമിൽ എത്തിച്ച ശേഷം ഇവരെ കംബോഡിയയിലേക്ക് കടത്തുന്നതായിരുന്നു രീതി. ഓൺലൈനിലൂടെ പണം തട്ടിയെടുക്കുക എന്നതായിരുന്നു ജോലി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവർ ഇവരുടെ വലയിൽ വീണു. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കൊല്ലം ജില്ലയിൽ മാത്രം 30ലേറെ പേരെ പറ്റിച്ചതായി വിവരം ലഭിച്ചു. കേസിൽ ഇതുവരെ മൂന്ന് പ്രതികളെയാണ് പിടികൂടിയത്.