റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; ബാലരാമപുരം സ്വദേശി ഒളിവിൽ
|റെയിൽവെ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥനെന്ന പേരിലായിരുന്നു തട്ടിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. റെയിൽവെ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥനെന്ന പേരിലായിരുന്നു തട്ടിപ്പ്. തട്ടിപ്പിന്റെ ആസൂത്രകൻ ബാലരാമപുരം സ്വദേശി ടി .സന്തോഷ് കുമാർ ഒളിവിലാണ്.
ക്ലാർക്ക്, ജൂനിയർ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കായിരുന്നു ജോലി വാഗ്ദാനം. എഞ്ചിനീയർ തസ്തികയിലേക്ക് 17 ലക്ഷം രൂപയും ക്ലാർക്ക് തസ്തികയിലേക്ക് 8 ലക്ഷം രൂപയുമാണ് സന്തോഷ് കുമാർ ഈടാക്കിയിരുന്നത്. ഏകദേശം ഇരുപതോളം പേർ തട്ടിപ്പിനിരയായതായാണ് പൂജപ്പുര പൊലീസിന്റെ കണ്ടെത്തൽ.
തട്ടിപ്പിനായി വ്യാജ ഐഡി കാർഡഡക്കം സന്തോഷ് കുമാർ ഉണ്ടാക്കിയിരുന്നു. ഇത് കാണിച്ചാണ് ഇയാൾ ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയിരുന്നത്. സന്തോഷിന്റെ ജോലി വാഗ്ദാനത്തിൽ വഴങ്ങുന്ന ഉദ്യോഗാർഥികളെ ചെന്നൈയിൽ കൊണ്ടുപോയി ഇയാൾ മെഡിക്കൽ പരിശോധനക്ക് വിധേയരാക്കും. ഇതിന് ശേഷം മെഡിക്കൽ ക്ലിയർ ചെയ്തതായി കാട്ടി വീട്ടിലേക്ക് സർട്ടിഫിക്കറ്റ് അയയ്ക്കും. തുടർന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി വീണ്ടും ചെന്നൈയിലേക്ക് വരുത്തും. ഇവിടെ റെയിൽവേ ഡിവിഷൻ ഓഫീസിലെത്തിച്ച ശേഷം രജിസ്റ്ററിൽ ഒപ്പ് ഇടീക്കുമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
തട്ടിപ്പിൽ റെയിൽവേ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുപേരാണ് പ്രതികൾ. സന്തോഷ് കുമാർ നേരത്തേ വിസ തട്ടിപ്പു കേസിലും പ്രതിയാണെന്നാണ് വിവരം