വൈകിട്ട് തിരിച്ചു വരാം അമ്മാ...; ജോയി ഇല്ലാതെ മാരായിമുട്ടത്തെ വീട്, കണ്ണീർ വറ്റി ഒരമ്മ
|വൈകിട്ട് ആറ് മണിയോടെ തിരിച്ചു വരാമെന്ന ജോയിയുടെ വാക്കുകളിലായിരുന്നു അമ്മ മെൽഹിയുടെ പ്രതീക്ഷകളത്രയും
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മകൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ ഒരു അമ്മയുണ്ട് തിരുവനന്തപുരം മാരായിമുട്ടത്തെ ഇടിഞ്ഞു പൊളിയാറായ ഒരു വീട്ടിൽ. അമ്മാ എന്ന് നീട്ടിവിളിച്ച് ജോയി ഇനിയാ വീട്ടിലേക്ക് വരില്ല. ജോയിയുടെ മരണം അറിയിച്ചപ്പോൾ മനസ്സ് തുറന്നൊന്ന് കരയാൻ പോലുമുള്ള ശേഷിയുണ്ടായിരുന്നില്ല മെൽഹി എന്ന ആ അമ്മയ്ക്ക്.
ശനിയാഴ്ച രാവിലെ 6 മണിക്കാണ് ജോയി മെൽഹിയോട് യാത്ര പറഞ്ഞിറങ്ങിയത്. ദിവസക്കൂലിക്കാരനായിരുന്നു ജോയി, ആര് വിളിച്ചാലും ഏത് ജോലിക്കും പോകും. ജോലിയില്ലാത്ത ദിവസം ആക്രിപെറുക്കി വിൽക്കും.
വൈകിട്ട് ആറ് മണിയോടെ തിരിച്ചു വരാമെന്ന ജോയിയുടെ വാക്കുകളിലായിരുന്നു അമ്മ മെൽഹിയുടെ പ്രതീക്ഷകളത്രയും. ജോയിയെ കാണാതായതറിഞ്ഞ് വീട്ടിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടുമൊക്കെ ഈ വാക്കുകളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ജോയി എങ്ങനെയെങ്കിലുമൊക്കെ നീന്തി രക്ഷപെട്ടിട്ടുണ്ടാവുമെന്നായിരുന്നു ആ അമ്മയുടെയും ജോയിയെ അറിയാവുന്ന എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴും മൃതദേഹം നേരിൽക്കാണാതെ മരണം വിശ്വസിക്കില്ലെന്നാണ് ഇവർ ആവർത്തിക്കുന്നത്.
ഇടിഞ്ഞു വീഴാറായ ഒറ്റമുറി വീടാണ് ജോയിയുടെ 47 വയസ്സിനിടയിലെ ഏക സമ്പാദ്യം. എത്ര ദയനീയാവസ്ഥയിലാണെങ്കിലും തന്നെ സ്വന്തം പുരയിടത്തിൽ തന്നെ അടക്കണമെന്നതായിരുന്നു ജോയിയുടെ ആഗ്രഹവും. കയറിച്ചെല്ലാൻ പോലും വഴിയില്ലെന്നിരിക്കെ ഇവിടേക്കാണ് ജോയിയുടെ മൃതദേഹം എത്തിക്കുക.