കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്; രാജിക്കൊരുങ്ങി ജോണി നെല്ലൂര്‍
|രാജി പ്രഖ്യാപനം ഇന്നുണ്ടായേക്കും
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂര്‍ പാർട്ടി വിടുന്നു. രാജി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബി.ജെ.പി സഖ്യത്തില്‍ രൂപീകരിക്കുന്ന പുതിയ ക്രൈസ്തവ പാര്‍ട്ടിയിലേക്കാണെന്നാണ് സൂചന .പുതിയ പാര്‍ട്ടി പ്രഖ്യാപനം 22 ന് കൊച്ചിയില്‍ നടക്കും. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.
നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജോണി നെല്ലൂരിനൊപ്പം എം.എല്‍.എമാരായ മാത്യു സ്റ്റീഫന്‍,ജോര്‍ജ് ജെ.മാത്യു തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്തെന്നാണ് റിപ്പോര്‍ട്ട്. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവച്ച വിക്ടര്‍.ടി തോമസും പാര്‍ട്ടിയിലുണ്ടാകും.
2020ലാണ് ജോണി നെല്ലൂര്‍ വിഭാഗം പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനെ രണ്ടാക്കുകയായിരുന്നു.