'പാലായിൽ വോട്ടുകച്ചവടം നടന്നു, ബി.ജെ.പി വോട്ടുകൾ അപ്പുറത്തേക്ക് പോയി': ജോസ് കെ മാണി
|പാല ഇപ്പോൾ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയെന്ന് കേരള കോണ്ഗ്രസ് ചെയര്മാന് ജോസ് കെ മാണി.
പാല ഇപ്പോൾ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയെന്ന് കേരള കോണ്ഗ്രസ് ചെയര്മാന് ജോസ് കെ മാണി. ഇവിടെ രാഷ്ട്രീയമല്ല ചർച്ച ചെയ്തത്. വ്യക്തിഹത്യയും കള്ളപ്രചാരണവുമാണ് നടന്നത്. പാലായിൽ ബി.ജെ.പിയുമായി വോട്ട്കച്ചവടം നടന്നിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപത്തിയാറായിരത്തിലധികം വോട്ടുകൾ ബി.ജെ.പി നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് നല്ല വോട്ടുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം പതിനായിരം വോട്ടുകൾ മാത്രമാണ് അവര് നേടിയത്. ബാക്കി വോട്ടുകൾ അപ്പുറത്തേക്ക് പോയെന്ന് വ്യക്തമാണെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു പാർട്ടിയുടെ വിജയം. തുടർഭരണത്തിൽ കേരളകോൺഗ്രസ് പാർട്ടിയുടെ പങ്കുണ്ടായതിൽ അഭിമാനമുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. സംസ്ഥാനത്ത് ഇടതുപക്ഷം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം പാലായിലെ അപ്രതീക്ഷിത തോൽവിയോടെ പാർട്ടിയിലും മുന്നണിയിലും ജോസ് കെ. മാണിയുടെ നില പരുങ്ങലിലായി. എൽഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന് (എം) അവകാശപ്പെട്ട മന്ത്രി സ്ഥാനം റോഷി അഗസ്റ്റിനോ ഡോ. എൻ. ജയരാജിനോ ലഭിച്ചേക്കും.