Kerala
മൂവാറ്റുപുഴയിലെ ജപ്തി നടപടികൾ നിയമപരം;  ബാങ്കിനെതിരെ നടക്കുന്നത് നുണ പ്രചാരണമെന്ന് രാജി വച്ച സിഇഒ
Kerala

മൂവാറ്റുപുഴയിലെ ജപ്തി നടപടികൾ നിയമപരം; ബാങ്കിനെതിരെ നടക്കുന്നത് നുണ പ്രചാരണമെന്ന് രാജി വച്ച സിഇഒ

Web Desk
|
7 April 2022 1:07 AM GMT

ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിലടക്കം ഈ മാസം 16 ന് ചേരുന്ന ഭരണ സമിതി തീരുമാനമെടുക്കും

മൂവാറ്റുപുഴയിലെ ജപ്തി നടപടികൾ നിയമപരമെന്ന് രാജി വെച്ച സിഇഒ ജോസ് കെ പീറ്റർ. ബാങ്കിനെതിരെ നടക്കുന്നത് നുണ പ്രചാരണമെന്നും, ഏല്പിച്ച ഉത്തരവാദിത്തം പൂർത്തിയാക്കിയ സംതൃപ്തിയോടെയാണ് മടങ്ങുന്നത് എന്നും മുൻ സിഇഒ പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ മന്ത്രി വി എൻ വാസവൻ നിർദേശം നൽകിയതിന് പിന്നാലെയാണ് ബാങ്കിന്റെ സിഇഒ സ്ഥാനം ജോസ് കെ പീറ്റർ രാജി വെച്ചത്.

ജപ്തി നടപടി നിയമപരമെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ കഴിയില്ലെന്നുമാണ് രാജിയ്ക്ക് ശേഷമുള്ള അദ്ദേഹത്തീന്‍റെ പ്രതികരണം. ബാങ്കിനെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വരും തലമുറയെയാണ് ബാധിക്കുക. സിഇഒ എന്ന നിലയിൽ ബാങ്കിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജോസ് കെ പീറ്റർ പറഞ്ഞു

ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിലടക്കം ഈ മാസം 16 ന് ചേരുന്ന ഭരണ സമിതി തീരുമാനമെടുക്കും. ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെയാണ് മൂവാറ്റുപുഴയില്‍ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Similar Posts