''ബ്രാഹ്മണ മനോഭാവം ഇന്നും സഭയിലുണ്ട്, വല്യേട്ടനാകേണ്ട''; സിറോ മലബാർ സഭയോട് ലത്തീൻ സഭ
|''കെട്ടുകഥകളിലെന്ന പോലെ അധഃസ്ഥിതരെ നിയന്ത്രണത്തിൽ നിറുത്തുന്നതിനുള്ള ഭാഷയും യുക്തിയും അവതരിപ്പിക്കപ്പെടുമ്പോൾ ചില പ്രതികരണങ്ങളും ഉണ്ടാകും. പള്ളത്ത് രാമൻ, രാമായണത്തിനു പകരമായി രാവണായണം എഴുതി. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി. പൊയ്കയിൽ അപ്പച്ചൻ പുസ്തകം കത്തിച്ചു. ഇവയെല്ലാം പുതിയൊരു തനിമയും നിർവചനവും കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു.''
കോട്ടയം: സിറോ മലബാർ സഭയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ കത്തോലിക്കാ സഭ. സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ മേധാവിത്വത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വല്യേട്ടനെ ആവശ്യമില്ലെന്നും ലത്തീൻ സഭയുടെ കൊച്ചി രൂപതാ അധ്യക്ഷൻ ജോസഫ് കരിയിൽ വ്യക്തമാക്കി. ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
ലാറ്റിൻ കാത്തലിക് ബിഷപ്പ്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ് ബിഷപ്പ് ജോസഫ് കരിയിൽ. വടവാതൂർ സെയിന്റ് തോമസ് അപ്പസ്‌തൊലിക് സെമിനാരിയുടെയും പൗരസ്ത്യ വിദ്യാപീഠത്തിന്റെയും ജൂബിലി ആഘോഷ സമാപന സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ പ്രസംഗം. സിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ വേദിയിലിരുത്തിയായിരുന്നു രൂക്ഷവിമർശനം.
''സിറോ മലബാർ സഭയ്ക്ക് കേരളത്തിലെ ഇതരസഭകളെക്കാൾ അധികം വിഭവസ്രോതസ്സുകളുണ്ടായിരുന്നു. ഭൂതകാലത്തെ നിയന്ത്രിക്കുന്നവർ ഭാവിയെയും നിയന്ത്രിക്കുന്നു, വർത്തമാനത്തെ നിയന്ത്രിക്കുന്നവർ ഭൂതകാലത്തെ നിയന്ത്രിക്കുന്നു. ഇതാണ് ഈ മേധാവിത്വചിന്തയുടെ പിന്നിലുള്ള തത്വം എന്നു തോന്നുന്നു. കേരളത്തിലെ ലത്തീൻ സഭയുടെ വികാരമാണ് ഞാൻ പങ്കുവയ്ക്കുന്നത്.''
ലോകമെങ്ങും ചരിത്രം രചിക്കപ്പെടുന്നത് ശക്തിയുള്ളവർക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ്. ഇന്ത്യയിൽ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ നാമെല്ലാം അതനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാനുഭവത്തിന്റെ നിർവചനങ്ങളും നാമങ്ങളും മുകളിൽനിന്നു താഴേയ്ക്ക് കൽപിക്കപ്പെടുകയാണ്. സാമൂഹ്യമായി ദുർബലരായിരിക്കുന്നവർ അത് അംഗീകരിക്കേണ്ടി വരുന്നു. ഇതാണ് ബ്രാഹ്മണിസം. ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയിൽ നിലനിൽക്കുന്നു. എല്ലാവരും തുല്യരാണ്. പക്ഷേ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്. ഒരു പുതിയ മാർഗമായി അവതരിക്കപ്പെട്ട ക്രിസ്തീയതയിൽ, ഈ ബ്രാഹ്മണിക മനോഭാവം നമ്മുടെ വിശ്വാസചൈതന്യത്തിന് എതിരാണ്-ജോസഫ് കരിയിൽ ചൂണ്ടിക്കാട്ടി.
കെട്ടുകഥകളിലെന്ന പോലെ അധഃസ്ഥിതരെ നിയന്ത്രണത്തിൽ നിറുത്തുന്നതിനുള്ള ഭാഷയും യുക്തിയും അവതരിപ്പിക്കപ്പെടുമ്പോൾ ചില പ്രതികരണങ്ങളും ഉണ്ടാകും. പള്ളത്ത് രാമൻ, രാമായണത്തിനു പകരമായി രാവണായണം എഴുതി. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി. പൊയ്കയിൽ അപ്പച്ചൻ പുസ്തകം കത്തിച്ചു. ഇവയെല്ലാം പുതിയൊരു തനിമയും നിർവചനവും കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. നമുക്കു വല്യേട്ടനൊന്നും വേണ്ട. സിനഡാലിറ്റിയാണ് ആവശ്യം. എന്റെ മുൻപിൽ നടക്കേണ്ട. എന്റെ പിറകിലും വരേണ്ട. നമുക്കൊപ്പം നടക്കാം. അതിനെ കുറിച്ചുള്ള നല്ല ചിന്തകളുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിൽനിന്ന്
സിറോ മലബാർ സഭയ്ക്ക് കേരളത്തിലെ ഇതരസഭകളെക്കാൾ അധികം വിഭവസ്രോതസ്സുകളുണ്ടായിരുന്നു, ഉണ്ട് എന്നതു ശരിയാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവർ ഭാവിയെയും നിയന്ത്രിക്കുന്നു, വർത്തമാനത്തെ നിയന്ത്രിക്കുന്നവർ ഭൂതകാലത്തെ നിയന്ത്രിക്കുന്നു. ഇതാണ് ഈ മേധാവിത്വചിന്തയുടെ പിന്നിലുള്ള തത്വം എന്നു തോന്നുന്നു. മറ്റുള്ളവരുടെ ഭൂതകാലത്തെ കവർന്നെടുക്കാനുള്ള വിജയകരമായ ശ്രമങ്ങൾ ജീവിതത്തിന്റെ നിരവധി മണ്ഡലങ്ങളിൽ നമുക്കു കാണാം. ചിലപ്പോൾ ഇതു പരസ്യമായി ചെയ്യുന്നു, ചിലപ്പോൾ ഗൂഢമായും. പക്ഷേ ഫലം ഒന്നു തന്നെ. കേരളത്തിലെ ലത്തീൻ സഭയുടെ വികാരമാണ് ഞാൻ പങ്കുവയ്ക്കുന്നത്. ലോകമെങ്ങും ചരിത്രം രചിക്കപ്പെടുന്നത് ശക്തിയുള്ളവർക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ്. ഇന്ത്യയിൽ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ നാമെല്ലാം അതനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാനുഭവത്തിന്റെ നിർവചനങ്ങളും നാമങ്ങളും മുകളിൽനിന്നു താഴേയ്ക്ക് കൽപിക്കപ്പെടുകയാണ്. സാമൂഹ്യമായി ദുർബലരായിരിക്കുന്നവർ അത് അംഗീകരിക്കേണ്ടി വരുന്നു. ഇതാണ് ബ്രാഹ്മണിസം. ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയിൽ നിലനിൽക്കുന്നു. എല്ലാവരും തുല്യരാണ്. പക്ഷേ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്. ഒരു പുതിയ മാർഗമായി അവതരിക്കപ്പെട്ട ക്രിസ്തീയതയിൽ, ഈ ബ്രാഹ്മണിക മനോഭാവം നമ്മുടെ വിശ്വാസചൈതന്യത്തിന് എതിരാണ്. ''നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്''എന്നത് നമ്മുടെ കർത്താവിന്റെ കൽപനയാണ്. പക്ഷേ നമ്മളതു മറന്നു. ഒന്നാമനായിരിക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ദാസനായിരിക്കണം എന്നും സുവിശേഷത്തിൽ നാം വായിക്കുന്നു. വളരെ മികവാർന്ന തുടർച്ചകളും വളർച്ചകളും കാണിച്ചുകൊണ്ട്, മറ്റുള്ളവരുടെ തുടക്കങ്ങളെ തമസ്‌കരിക്കുകയും തുടർച്ചകളെയും വളർച്ചകളെയും തുടക്കമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന പല പ്രവണതകളും ഉണ്ടായിട്ടുണ്ട്. ഇതു ചരിത്രത്തെ തെറ്റായി ധരിപ്പിക്കലാണ്. വ്യാജ ചരിത്രമാണ്. പൗരസ്ത്യവിദ്യാപീഠം ഒരു വിജ്ഞാനനിർമ്മാണകേന്ദ്രമാണ്. എന്റെ എളിയ നിർദേശം, ഇതൊരു ജ്ഞാനനിർമ്മാണകേന്ദ്രം ആകണമെന്നാണ്. വിജ്ഞാനം നമ്മെ എപ്പോഴും രക്ഷിച്ചുവെന്നുവരില്ല. പക്ഷേ ജ്ഞാനം രക്ഷിക്കുന്നു. ഈയർത്ഥത്തിലും വിദ്യാപീഠം മുൻപേ നടക്കട്ടെ.
ഒരു ദേശീയചരിത്ര സെമിനാറിൽ, ചരിത്രത്തെ മനസ്സിലാക്കുന്നതിനുള്ള പുതിയൊരു മാർഗം ഞാനവതരിപ്പിക്കുകയുണ്ടായി. ഫോട്ടോഗ്രാഫിയുടെ സാങ്കേതികവികാസത്തിൽ നിന്നെടുത്തിട്ടുള്ളതാണ് അത്. കടന്നുപോകുന്ന സംഭവങ്ങൾക്കു സ്ഥിരത നൽകുക എന്നതാണല്ലോ ഫോട്ടോഗ്രാഫിയുടെ ധർമ്മം. കാലം കടന്നുപോകുമ്പോൾ ഫോട്ടോഗ്രാഫർ ഫോട്ടോയെടുക്കുന്നു, പക്ഷേ ആ ഫോട്ടോയിൽ ഫോട്ടോഗ്രാഫർ ഇല്ല. നിത്യതയെ സൃഷ്ടിക്കുന്ന ആ മനുഷ്യൻ അതിലില്ല. അയാൾക്കു പ്രതിഫലം കിട്ടുന്നു, പിന്നെ മറവിയിലേയ്ക്കു മറയുന്നു. പക്ഷേ സെൽഫികളുടെ ഈ യുഗത്തിൽ ഫോട്ടോഗ്രാഫർ ഫോട്ടോയുടെ മദ്ധ്യത്തിലുണ്ടാകും. തന്റെ കലാസൃഷ്ടിയിൽ അയാൾക്കൊരിടമുണ്ട്. ചരിത്രത്തിന്റെ നിർമ്മാതാക്കളും ആ വിധത്തിൽ അംഗീകരിക്കപ്പെടണം.
ചരിത്രത്തിൽ അവകാശം സ്ഥാപിച്ചുകൊണ്ട് ചരിത്രത്തെ രചിക്കണം. ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവർ അവരുടെ ഭൂതകാലത്തെ കീഴടക്കാൻ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണിത്. ഉദാഹരണത്തിന്, കേരളത്തിലെ ലത്തീൻ കത്തോലിക്കർ അവരുടെ ഭൂതകാലത്തെ കീഴടക്കുന്നതിനുള്ള പ്രയാണത്തിലാണ്. സ്വന്തം ചരിത്രത്തിനെതിരായ ഏത് അതിക്രമങ്ങൾക്കെതിരെയും ഈ സമൂഹം ഇന്നു ധീരമായ നിലപാടെടുക്കുന്നു. ക്രിക്കറ്റിലെ മങ്കാദിങ് എന്നു വേണമെങ്കിൽ പറയാം. കെട്ടുകഥകളിലെന്ന പോലെ അധഃസ്ഥിതരെ നിയന്ത്രണത്തിൽ നിറുത്തുന്നതിനുള്ള ഭാഷയും യുക്തിയും അവതരിപ്പിക്കപ്പെടുമ്പോൾ ചില പ്രതികരണങ്ങളും ഉണ്ടാകും. നമുക്കൊരു വല്യേട്ടനെ ആവശ്യമില്ല. പള്ളത്ത് രാമൻ, രാമായണത്തിനു പകരമായി രാവണായണം എഴുതി. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി. പൊയ്കയിൽ അപ്പച്ചൻ പുസ്തകം കത്തിച്ചു. ഇവയെല്ലാം പുതിയൊരു തനിമയും നിർവചനവും കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. പൗരസ്ത്യ വിദ്യാപീഠത്തെ പോലെ മികവുള്ള ഒരു വിജ്ഞാനകേന്ദ്രം അധഃസ്ഥിതരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഇതിലേയ്ക്കു നമ്മുടെ സഭയാകെ ഉണരട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. പൗരസ്ത്യവിദ്യാപീഠത്തിന്റെ ജൂബിലിയുടെ ഈ അവസരം പ്രായശ്ചിത്തത്തിനുള്ള അവസരം കൂടിയാണ്. വായിക്കുക, ധ്യാനിക്കുക. ഭാവിയിലേയ്ക്ക് എപ്രകാരം പോകണമെന്ന ഉൾക്കാഴ്ച അതിൽ നിന്നു ലഭിക്കും. ബൈബിളിൽ പറയുന്നതാണിത്.
നമുക്കു വല്യേട്ടനൊന്നും വേണ്ട. സിനഡാലിറ്റിയാണ് ആവശ്യം. എന്റെ മുൻപിൽ നടക്കേണ്ട. എന്റെ പിറകിലും വരേണ്ട. നമുക്കൊപ്പം നടക്കാം. അതിനെ കുറിച്ചുള്ള നല്ല ചിന്തകളുണ്ടാകട്ടെ.