സിൽവർ ലൈൻ പദ്ധതിയിൽ ആശങ്ക, സർക്കാർ അവ്യക്തത നീക്കണമെന്ന് തലശ്ശേരി ബിഷപ്പ്
|സാധാരണക്കാരുടെ സംശയങ്ങൾക്ക് സർക്കാരിന് ഉത്തരമില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു
കണ്ണൂര്‍: സിൽവർ ലൈൻ പദ്ധതിയിലെ ആശങ്കയും അവ്യക്തതയും സർക്കാർ പരിഹരിക്കണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കുറ്റിയിടുന്ന കാര്യത്തിലടക്കം സാധാരണക്കാരുടെ സംശയങ്ങൾക്ക് സർക്കാരിന് ഉത്തരമില്ല. കേരളത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്ന പദ്ധതിയായി കെ- റെയിൽ മാറുമോ എന്ന് ആശങ്കയുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി മീഡിയവണിനോട് പറഞ്ഞു.
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ഇന്നാണ് തലശ്ശേരി അതിരൂപതയുടെ നാലാമത്തെ ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റത്. സെന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ രാജ്യത്തെ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളെ പ്രതിനിധീകരിച്ച് നിരവധി ബിഷപ്പുമാരും അൽമായരും പങ്കെടുത്തു.
സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബാസെലിയോസ് ക്ലിമീസ് കാത്തോലിക്ക ബാബാ ചടങ്ങിൽ വചന സന്ദേശം നൽകി. ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഓസ് വാൾഡ് ഗ്രേഷ്യസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രിമാരായ എം.വി ഗോവിന്ദൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവരും പങ്കെടുത്തു.