Kerala
മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ ജാമ്യം തേടി സുപ്രിംകോടതിയിലേക്ക്
Kerala

മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ ജാമ്യം തേടി സുപ്രിംകോടതിയിലേക്ക്

Web Desk
|
16 Aug 2022 11:15 AM GMT

സിദ്ദിഖ്‌ കാപ്പന്റെ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിൽ യു.എൻ പ്രത്യേകദൂത മേരി ലോവ്ലർ ആശങ്ക പ്രകടിപ്പിച്ചു

ജാമ്യം തേടി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ സുപ്രിംകോടതിയിലേക്ക്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ജാമ്യപേക്ഷ സുപ്രിംകോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. സിദ്ദിഖ്‌ കാപ്പന്റെ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിൽ യു.എൻ പ്രത്യേകദൂത മേരി ലോവ്ലർ ആശങ്ക പ്രകടിപ്പിച്ചു. 2020ല്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിക്കപ്പെടുന്നുവെന്ന് മേരി ലോവ്ലർ പറഞ്ഞു.

ഹാഥ്റസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകർക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

സിദ്ദിഖ് കാപ്പനെതിരെ പിന്നീട് യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്. മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സിദ്ദിഖ് കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് സിദ്ദിഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂർത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിദ്ദിഖ് കാപ്പനൊപ്പം ഹാഥ്റസിലേക്കുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്നവര്‍ മാധ്യമപ്രവർത്തകർ ആയിരുന്നില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്റസിൽ പോയതെന്ന വാദം കുറ്റപത്രം പരിശോധിക്കുമ്പോൾ നിലനിൽക്കില്ലെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഒപ്പം പിടിയിലായ മറ്റു പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനെന്നു തെളിയിക്കേണ്ടതുണ്ട്. ഹാഥ്റസിൽ സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് അന്വേഷണസംഘത്തിന്‍റെ വാദം. പ്രഥമദൃഷ്ട്യാ കാപ്പൻ ചെയ്തെന്നു പറയപ്പെടുന്ന കുറ്റം നിലനിൽക്കുമെന്നും ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്.

Similar Posts