ആന്തമാനിലെ മാധ്യമപ്രവർത്തകൻ സുബൈർ അഹ്മദ് അന്തരിച്ചു
|'ലൈറ്റ് ഓഫ് ആന്തമാൻ' പത്രത്തിന്റെയും 'സൺഡേ ഐലൻഡർ' പോർട്ടലിന്റെയും എഡിറ്ററായിരുന്നു സുബൈർ
പോർട്ട്ബ്ലെയർ: ആന്തമാനിലെ മുൻനിര മാധ്യമപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ സുബൈർ അഹ്മദ്(50) നിര്യാതനായി. 'ലൈറ്റ് ഓഫ് ആന്തമാൻ' പത്രത്തിന്റെയും 'സൺഡേ ഐലൻഡർ' പോർട്ടലിന്റെയും എഡിറ്ററായിരുന്നു.
ശാന്തപുരം ഇസ്ലാമിയ കോളജ്, ചെന്നൈ ന്യൂകോളജ്, ഭാരതീയ വിദ്യാഭവൻ എന്നിവിടങ്ങളിൽ പഠനം നടത്തിയ സുബൈർ ബംഗളൂരുവിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'മീൻടൈം' മാഗസിനിൽ സഹപത്രാധിപരായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ ബംഗളൂരു എഡിഷനിൽ പ്രവർത്തിച്ച ശേഷം ദ്വീപിലേക്കു പ്രവർത്തനരംഗം മാറ്റുകയായിരുന്നു.
ആന്തമാനിലെ സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സുബൈറിന്റെ അന്വേഷണാത്മക റിപ്പോർട്ടുകൾ പലപ്പോഴും ദ്വീപിൽ സജീവചർച്ചയായി. കോവിഡ് കാലത്ത് ദുരിതബാധിതരുടെ വാർത്തകൾ ട്വീറ്റ് ചെയ്തതിന് പൊലീസ് അറസ്റ്റു ചെയ്തു. കേസ് ദുർബലവും ദുരുപദിഷ്ടവുമാണെന്നു കണ്ട് പിന്നീട് കോടതി തള്ളുകയായിരുന്നു.
വിമ്പർലിഗഞ്ച് ക്രസന്റ് പബ്ലിക് സ്കൂൾ മാനേജറായിരുന്നു സുബൈർ. ദീർഘകാലം ആന്തമാനിലെ ജമാഅത്തെ ഇസ്ലാമി അമീർ ആയിരുന്ന പി.കെ മുഹമ്മദലിയാണ് പിതാവ്. മാതാവ്: സുലൈഖ. ഭാര്യ: സാജിദ. മക്കൾ: റിഹാൻ സുബൈർ, നുസ്ഹ, നസീഹ. സഹോദരങ്ങൾ: സൈനബ്, ഫാറൂഖ്(റീജ്യനൽ മാനേജർ, എസ്.ബി.ഐ), ഖാലിദ്, മൂസ, ശാഹിദ്, സാലിഹ്.
Summary: Journalist Zubair Ahmad of passed away