ദിലീപുമായി സഹകരിച്ചിട്ടില്ല; വിവേകമുള്ള പ്രേക്ഷകരുള്ളിടത്തോളം കാലം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല- ജോയ് മാത്യു
|തന്റെ നിലപാടിനെ തുടർന്ന് ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ട്
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ദിലീപുമായി താൻ സഹകരിച്ചിട്ടില്ലെന്ന് നടൻ ജോയ് മാത്യു. നേരത്തെ ' ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല !' എന്ന അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേർ എന്തുകൊണ്ട് ജോയ് മാത്യു ചെയ്യുന്നില്ലെന്ന് ചോദിച്ചു കമന്റ് ചെയ്്തിരുന്നു. അതിന് മറുപടിയായാണ് തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് ജോയ് മാത്യു മറ്റൊരു പോസ്റ്റിട്ടത്. ദിലീപ് ആരോപണ വിധേയനായ സമയത്തുള്ള തന്റെ പ്രസ്താവനയുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ സ്ക്രീൻ ഷോട്ടും ജോയ് മാത്യു പങ്കുവച്ചിട്ടുണ്ട്.
തന്റെ നിലപാടിനെ തുടർന്ന് ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷെ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും, കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം ജോയ് മാത്യുവിന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ലെന്നും അ്ദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി ഒരു മജിസ്ട്രേറ്റിനെ എറണാകുളം സി.ജെ.എം കോടതി ചുമതലപ്പെടുത്തിയിരുന്നു.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകൾ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതിയായ പൾസർ സുനിയുടെ ഫോൺസംഭാഷണം പുറത്തുവന്നതും ദിലീപിന് കൂടുതൽ കുരുക്കായി മാറിയിട്ടുണ്ട്.