റൂബിയുടെ മരണത്തിന് പിന്നാലെ ചർച്ചയായി സിനിമാ സാങ്കേതിക പ്രവർത്തകരുടെ ദുരവസ്ഥ- കുറിപ്പുമായി ജൂഡ് ആന്റണി ജോസഫ്
|ഈ മഹാമാരി ഏറ്റവും ബാധിച്ചത് ദിവസവേതനക്കാരെയാണ്. അതില്‍ സിനിമ വ്യവസായത്തിലെ ദിവസ വേതനക്കാര്‍ മാത്രമല്ല, ഞാനുള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തകരുമുണ്ട്..
തിരുവന്തപുരത്ത് ഡബിങ് കലാകാരി റൂബിയുടെ മരണത്തിന് പിന്നാലെ സിനിമാ മേഖലയിലെ ദിവസവേതനക്കാർ കോവിഡ് മഹാമാരിയിൽ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ ചർച്ചയാകുന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഇത്തരത്തിലൊരു കുറിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. എറണാകുളം സ്വദേശിയായ റൂബിയെ ഇന്ന് രാവിലെയാണ് തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡബിങ് കലാകാരിയായിരുന്നു റൂബി.
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് എല്ലാമേഖലയിലും ദിവസവേതനക്കാരെയാണെന്ന് ജൂഡ് ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിലെ സാങ്കേതിക പ്രവർത്തകരെയും ദിവസവേതനക്കാരെയും വളരെ പ്രതികൂലമായാണ് ബാധിച്ചത്. നമ്മൾ കൂടുതൽ ജാഗരൂകരാകണമെന്നും വല്ലപ്പോഴും സുഹ്യത്തുക്കളെ വിളിച്ച് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കാൻ നമ്മൾ ശീലിക്കണമെന്നും ജൂഡ് ഓർമിപ്പിച്ചു. ഒരു നേരത്തെ വിശപ്പ് മാറ്റാനെങ്കിലും നമ്മൾ ശ്രമിക്കണമെന്നും, ഈ കാലവും കടന്നു പോകുമെന്ന പ്രത്യാശയും ജൂഡ് ഫേസ്ബുക്ക്ിൽ പങ്കുവച്ചു.
കോവിഡ് ആദ്യ തരംഗം മുതൽ പ്രതിസന്ധിയിലായ സിനിമാ മേഖല ഒന്ന് ഉണർന്നു വരുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം ഉണ്ടായത്. അതോട് കൂടി സിനിമകളുടെ റിലീസും ഷൂട്ടിങും മുടങ്ങിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആത്മഹത്യ ചെയ്ത വാര്‍ത്ത നിങ്ങള്‍ കണ്ടു കാണുമല്ലോ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിശപ്പിനെ പറ്റി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടായിരുന്നു. ഈ മഹാമാരി ഏറ്റവും ബാധിച്ചത് ദിവസവേതനക്കാരെയാണ്. അതില്‍ സിനിമ വ്യവസായത്തിലെ ദിവസ വേതനക്കാര്‍ മാത്രമല്ല, ഞാനുള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തകരുമുണ്ട്.. ഒരുപക്ഷേ നമ്മുടെ ഒരു ചെറിയ സഹായം ഒരു ജീവന് രക്ഷിച്ചേക്കാം. നമുക്ക് കുറച്ചുകൂടെ ജാഗരൂകരാകാം. നമുക്ക് നേരിട്ടറിയാവുന്ന സുഹൃത്തുക്കളെ, സഹജീവികളെ വല്ലപ്പോഴും ഒന്നു വിളിച്ച് ഒരു വാക്ക് ചോദിക്കാം. "" കുഴപ്പമൊന്നുമില്ലല്ലോ, എല്ലാം ശരിയാകും"" . ആകുന്ന വിധത്തില്‍, ഒരു നേരത്തെ വിശപ്പ് മാറ്റാനെങ്കിലും ശ്രമിക്കാം. ഈ കാലവും കടന്ന് പോകും.
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെയാണ് സംഭവം. ഇന്നലെ രാത്രി 7 മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിക്കുകയുണ്ടായി. സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.