
നടിയെ ആക്രമിച്ച കേസിൽ നിന്നും ജഡ്ജി പിന്മാറി

വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്നാണ് പിന്മാറിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്നാണ് പിന്മാറിയത്. ഹരജി പിന്നീട് മറ്റൊരു ബഞ്ച് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു നടിയുടെ ഹരജി.
നടി നൽകിയ മറ്റൊരു ഹരജിയിൽ നിന്നും നേരത്തെ ഇതേ ബഞ്ച് പിൻമാറിയിരുന്നു. മെമ്മറി കാർഡ് പരിശോധനക്കയക്കണമെന്ന നടിയുടെ ഹരജിയിൽ നിന്നാണ് നേരത്തെ ഇതേ ബഞ്ച് പിൻമാറിയത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹരജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് വാദം കേൾക്കുന്നുണ്ട്.
മുൻപ് ഈ ഹരജി പരിഗണിച്ചപ്പോൾ അതിജീവിതയ്ക്ക് നേരെ കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു ചോദ്യം.