കന്യാസ്ത്രീ പീഡന കേസിൽ വിധി ജനുവരി 14 ന്
|രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡന കേസിൽ വിധി ജനുവരി 14 ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ 2019 വിചാരണ തുടങ്ങിയ കേസിലാണ് ഒടുവിൽ വിധി പറയുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു.122 പ്രമാണങ്ങളും പരിശോധിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ വിസ്തരിച്ചു. വിചാരണ തുടങ്ങുന്നതിന് മുന്പ് വിടുതൽ ഹരജി നല്കിയെങ്കും കോടതി ഇത് തള്ളിയിരുന്നു. വിചാരണ നടപടികൾ പൂർണ്ണമായും അടച്ചിട്ട കോടതിയിലാണ് നടന്നത്.
രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004-2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽവെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യസ്ത്രീയ പീഡിപ്പിച്ചുവെന്നാണ് പരാതി. 2018 ജൂൺ 27ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്.