Kerala
മീഡിയവൺ സംപ്രേഷണ വിലക്ക്: അപ്പീലുകളിൽ ബുധനാഴ്ച വിധി പറയും
Kerala

മീഡിയവൺ സംപ്രേഷണ വിലക്ക്: അപ്പീലുകളിൽ ബുധനാഴ്ച വിധി പറയും

Web Desk
|
28 Feb 2022 2:13 PM GMT

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച രാവിലെ 10.15ന് വിധി പറയുന്നത്

മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരായ അപ്പീലിൽ ബുധനാഴ്ച ഹൈക്കോടതി വിധി പറയും. ചാനലിന്റെ സംപ്രേഷണ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷിന്‍റെ വിധിക്കെതിരായ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്.

ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്ത യൂനിയനും നൽകിയ അപ്പീൽ ഹരജികളിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ബെഞ്ച് ബുധനാഴ്ച രാവിലെ 10.15ന് വിധി പറയും. ഹരജിക്കാർക്കു വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് ഹാജരായത്.

2021 സെപ്റ്റംബർ 29 വരെയാണ് ചാനലിന് സംപ്രേഷണ ലൈസൻസ് ഉണ്ടായിരുന്നത്. പുതുക്കാനായി മെയ് മൂന്നിന് ചാനൽ അപേക്ഷ നൽകി. എന്നാൽ, ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാൻ മതിയായ കാരണം ആവശ്യപ്പെട്ട് 2022 ജനുവരി അഞ്ചിന് കേന്ദ്ര വാർത്താവിനിമയ-സംപ്രേഷണ മന്ത്രാലയത്തിന്റെ കാരണംകാണിക്കൽ നോട്ടിസ് ലഭിച്ചു. ജനുവരി 19ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മന്ത്രാലയത്തിന് നോട്ടിസിൽ മറുപടിയും നൽകി.

എന്നാൽ, ഒരു മുന്നറിയിപ്പുമില്ലാതെ ജനുവരി 31ന് ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കി മന്ത്രാലയത്തിന്റെ ഉത്തരവ് വന്നു. പിന്നാലെ ചാനൽ ഹൈക്കോടതിയെ സമീപിക്കുകയും കേന്ദ്ര ഉത്തരവ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു. ഫെബ്രുവരി രണ്ടിന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും കേരള പത്രപ്രവർത്തക യൂനിയനും(കെ.യു.ഡബ്ല്യു.ജെ) ചാനൽ ജീവനക്കാരും കോടതിയിൽ വിവിധ ഹരജികൾ സമർപ്പിച്ചു.

ഫെബ്രുവരി എട്ടിന് ഹരജികൾ തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നു. കേന്ദ്രനടപടി ജസ്റ്റിസ് എന്‍. നഗരേഷ് ശരിവയ്ക്കുകയായിരുന്നു. തുടർന്നാണ് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും പ്രമോദ് രാമൻ, ചാനൽ ജീവനക്കാർ, കെ.യു.ഡബ്ല്യു.ജെ എന്നിവരും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹരജികളിൽ ഒൻപതിന് കോടതി വിശദമായി വാദംകേട്ട ശേഷം വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

Summary: Judgment on appeals over MediaOne ban to be announced on Wednesday

Similar Posts