Kerala
ഞാൻ നാടിന് വേണ്ടി എന്തു ചെയ്തു എന്നറിയാൻ യുക്രൈനിൽ നിന്നെത്തിയവരോട് ചോദിച്ചാൽ മതി: കോടിയേരിക്ക് മറുപടിയുമായി വി. മുരളീധരൻ
Kerala

ഞാൻ നാടിന് വേണ്ടി എന്തു ചെയ്തു എന്നറിയാൻ യുക്രൈനിൽ നിന്നെത്തിയവരോട് ചോദിച്ചാൽ മതി: കോടിയേരിക്ക് മറുപടിയുമായി വി. മുരളീധരൻ

Web Desk
|
3 April 2022 11:45 AM GMT

കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം വി മുരളീധരനെ കൊണ്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

നാടിനു വേണ്ടി താൻ എന്തു ചെയ്തു എന്നറിയാൻ യുക്രൈനിൽ നിന്നും വന്നവരോട് ചോദിച്ചാൽ മതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം വി മുരളീധരനെ കൊണ്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മറുപടി. താൻ വീടുകളിൽ പോയി ജനങ്ങളെ കാണുന്നതിന് സി.പി.എം അസ്വസ്ഥമാകുന്നത് എന്തിനാണെന്നും വി. മുരളീധരൻ ചോദിച്ചു.

കെ റെയിലിൽ മുരളീധരന്റേത് വില കുറഞ്ഞ സമീപനമാണെന്നും കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിക്ക് എതിര് നിൽക്കുകയാണ് കേന്ദ്ര മന്ത്രിയെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. മുരളീധരന്റെ പ്രവൃത്തികൾ ഫെഡറൽ തത്വത്തിന് എതിരാണെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം ഗവർണറെ അടക്കം ആക്ഷേപിക്കുന്നത് എന്ത് ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുരളീധരൻ തുറന്നടിച്ചു. ഫെഡറൽ തത്വം ലംഘിച്ചു എന്ന ഉമ്മാക്കി പറഞ്ഞ് പേടിപിക്കാൻ നോക്കണ്ട, കെ റെയിലിന്റെ തത്വത്തിൽ ഉള്ള അനുമതി സാമൂഹിക ആഘാതം പഠിക്കാനും ഡി പി ആർ തയ്യാറാക്കാനുമാണ്, അതിന്റെ മറവിൽ മഞ്ഞക്കല്ല് സ്ഥാപിക്കലാണ് നടക്കുന്നതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

ആശങ്ക ഉണ്ടാക്കുന്നത് താനല്ല, ജനങ്ങളെ അടിച്ചോടിച്ച് മഞ്ഞക്കല്ല് സ്ഥാപിക്കുന്നവരാണ്, ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് വികസനം വേണ്ടതെന്ന് മുഖ്യമന്ത്രി പറയുന്നു, ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്തൂ. ആശങ്ക ഉണ്ടാക്കുന്നത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് ചർച്ച നടത്തുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി നേരിട്ട് സർവേക്ക് ഇറങ്ങട്ടെ, അതിന് ധൈര്യമുണ്ടോയെന്നും വി.മുരളീധരൻ ചോദിച്ചു.

Similar Posts