സർക്കാർ അതിജീവതയ്‌ക്കൊപ്പം, നടിക്ക് നീതി ഉറപ്പാക്കും: ദേശാഭിമാനി മുഖപ്രസംഗം
|എൽഡിഎഫ് ഭരണമല്ലായിരുന്നെങ്കിൽ ദിലീപ് അറസ്റ്റിലാകുമായിരുന്നില്ലെന്നും ദേശാഭിമാനി
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് സർക്കാർ നീതി ഉറപ്പാക്കുമെന്നും സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും ദേശാഭിമാനി മുഖപ്രസംഗം. വിസ്മയക്കും ഉത്രക്കും ജിഷക്കും നീതി ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചുവെന്നും സ്ത്രീകൾക്കെതിരായ ഏത് അതിക്രമത്തിലും സർക്കാർ ഇരക്കൊപ്പമാണെന്നും ദേശാഭിമാനി വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നടിയെ ആക്രമിച്ച കേസ് സജീവ ചർച്ചയായ സാഹചര്യത്തിലാണ് ദേശാഭിമാനിയിലെ മുഖപ്രസംഗം.
ദിലീപ് ഭരണകക്ഷിയിലുള്ള ഉന്നതരെ സ്വാധീനിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ അതിജീവിത ഉന്നയിച്ചിരുന്നു. എൽഡിഎഫ് ഭരണമല്ലായിരുന്നെങ്കിൽ ദിലീപ് അറസ്റ്റിലാകുമായിരുന്നില്ലെന്നും തൃക്കാക്കരയിലെ പരാജയ ഭീതിപൂണ്ട് പ്രതിപക്ഷം കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു. നീതി നടപ്പിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഏതു കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമംവച്ചു നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ഈ സർക്കാരിന് ധൈര്യമുണ്ടെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. സ്ത്രീകൾ മൗനസഹനങ്ങളിൽ ഒതുങ്ങാതെ എല്ലാത്തരം അതിക്രമത്തിനും അനീതികൾക്കുമെതിരെ രംഗത്തുവരണമെന്ന സർക്കാരിന്റെ അഭിപ്രായധീരത സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരുത്തുപകരുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണം പിണറായി ഭരണത്തിന്റെ മുഖമുദ്രയാണെന്നും ദേശഭിമാനി വിശദീകരിക്കുന്നു.
സർക്കാരിന്റെയും എൽഡിഎഫിന്റെയും ഈ നിലപാടുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച തൃക്കാക്കരയിൽ വീണ്ടും സുവ്യക്തമായി പറഞ്ഞത്. കേസിന്റെ തുടക്കംമുതൽ, പഴുതടച്ച കാര്യക്ഷമമായ അന്വേഷണം നടത്തിയതുകൊണ്ടാണ് പ്രതികളുടെ കൈകളിൽ നീതിയുടെ വിലങ്ങ് വീണത്. എത്ര ഉന്നതനായാലും കുറ്റംചെയ്താൽ രക്ഷപ്പെടില്ലെന്ന് അറസ്റ്റുകളും തുടർനടപടികളും തെളിയിച്ചു. ഒരാളെ തൊടാനും പൊലീസിന്റെ കൈകൾ വിറച്ചില്ല. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ നിർദേശിക്കാനും അവരോട് ആവശ്യപ്പെട്ടു. അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഉത്തരവുപ്രകാരം തുടരന്വേഷണം നടക്കുകയാണ്. ഒരുഘട്ടത്തിലും സർക്കാർ അതിജീവിതയെ കൈവിട്ടിട്ടില്ലെന്നും ദേശാഭിമാനി കൂട്ടിച്ചേർത്തു.