Kerala
Justices differ on Lokayuktas verdict on CMs relief fund plea

പിണറായി വിജയന്‍

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പരാതിയിലെ ലോകായുക്ത വിധിയിൽ ജസ്റ്റിസുമാർക്ക് ഭിന്നാഭിപ്രായം

Web Desk
|
14 Nov 2023 1:04 AM GMT

ക്യാബിനറ്റ് നോട്ട് പോലുമില്ലാതെ സഹായം അനുവദിച്ചത് തിടുക്കപ്പെട്ടാണെന്നാണു ലോകായുക്തയുടെ നിരീക്ഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പരാതിയിലെ ലോകായുക്ത വിധിയിൽ ജസ്റ്റിസുമാർക്ക് ഭിന്നാഭിപ്രായങ്ങൾ. ക്യാബിനറ്റ് നോട്ട് പോലും ഇല്ലാതെ സഹായം അനുവദിച്ചത് തിടുക്കപ്പെട്ടാണെന്നാണു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ഇതിനുമുമ്പുള്ള മന്ത്രിസഭകൾ അടക്കം ഇത്തരത്തിൽ സഹായം ചെയ്തിട്ടുണ്ടെന്നാണ് ഉപലോകായുക്ത ഹാറൂന്‍ അൽറഷീദിന്റെ വിധിയിലുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകിയതിൽ നിലവിലുള്ള മാനദണ്ഡങ്ങളിൽ ചിലത് ലംഘിക്കപ്പെട്ടിട്ടുവെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ പറയുന്നത്. മന്ത്രിസഭയുടെ അജണ്ടയിൽ പോലും പെടുത്താതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്ന് പണം നൽകിയത് ശരിയായ കീഴ്വഴക്കമല്ലെന്നാണു ലോകായുക്തയുടെ കണ്ടെത്തൽ.

എന്നാൽ ഇത് ചെയ്തവരെ അയോഗ്യരാക്കാൻ വേണ്ടിയുള്ള തെളിവുകളില്ലെന്നു പറഞ്ഞുകൊണ്ടാണ് വിധിന്യായത്തിൽ ലോകായുക്ത നിലപാട് സ്വീകരിക്കുന്നത്. ഇതിൽനിന്നെല്ലാം വ്യത്യസ്ത നിലപാടാണ് ഉപലോകായുക്തമാർ പറയുന്നത്. ഒരു സർക്കാർ മാത്രമല്ല ഇത്തരത്തിൽ ധനസഹായം നൽകിയതെന്നാണ് ഉപലോകായുക്ത ഹാറൂനിന്‍റെ വിധിയിൽ പരാമർശിക്കുന്നത്.

ഗാനരചയിതാവായ യൂസഫലി കേച്ചേരിയുടെ കുടുംബത്തിന് ധനസഹായം നൽകിയതും നടൻ തിലകന്റെ കുടുംബത്തിന് ധനസഹായം നൽകിയതുമെല്ലാം അദ്ദേഹത്തിന്‍റെ വിധിയിൽ ഓർമിപ്പിക്കുന്നുണ്ട്. യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകളുടെ കാലങ്ങളിൽ സമാനമായ രീതിയിൽ ഇത്തരത്തിൽ ധനസഹായങ്ങൾ നൽകിയിട്ടുണ്ടെന്നാണ് വിധിന്യായത്തിലെ രത്നച്ചുരുക്കം. മന്ത്രിസഭാ തീരുമാനം ഒരു വ്യക്തിയുടെ തീരുമാനം അല്ലാത്തതുകൊണ്ട് ലോകായുക്താ നിയമത്തിലെ സെക്ഷൻ 14 ഇതിൽ പരിഗണിക്കാൻ കഴിയില്ലെന്നാണ് ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് വിധിയിൽ പറയുന്നത്. ജസ്റ്റിസുമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുള്ള പശ്ചാത്തലത്തിൽ അപ്പീലിൻമേലുള്ള ഹൈക്കോടതിയിലെ വാദങ്ങൾ സർക്കാരിന് നിർണായകമാകും.

Summary: Justices differ on Lokayukta's verdict on CM's relief fund plea

Similar Posts