കപട സദാചാരത്തിൽ വിശ്വസിക്കുന്നില്ല, സത്യമാണ് എന്റെ ദൈവം, ഉമ്മന്‍ ചാണ്ടിയോട് വ്യക്തിവിരോധമില്ല: ഗണേഷ്
|'സിബിഐ ഉമ്മന്‍ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നത് മാത്രമായിരുന്നു എന്റെ മൊഴി'
തിരുവനന്തപുരം: വാര്‍ത്താമാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ. തനിക്ക് വിശദീകരണം നൽകാൻ അവസരം ലഭിച്ചതിൽ മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും നന്ദി പറയുന്നു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
''ഉമ്മന്‍ചാണ്ടിയുമായി രാഷ്ട്രീയമായ എതിര്‍പ്പുണ്ട് പക്ഷെ അദ്ദേഹത്തോട് വ്യക്തിപരമായ വിരോധമില്ല. വളഞ്ഞ വഴിയിലൂടെ വേലവെക്കേണ്ട കാര്യമില്ല. മുഖത്തുനോക്കി പറയുകയും മുഖത്തുനോക്കി ചെയ്യുകയും ചെയ്യും. കപടസദാചാരത്തിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. സത്യമാണ് എന്റെ ദൈവം. സിബിഐ ഉമ്മന്‍ചാണ്ടി സാറിനേക്കുറിച്ചും ഹൈബി ഈഡനേക്കുറിച്ചും എന്നോട് ചോദിച്ചു. രണ്ടുപേരേക്കുറിച്ചുമുള്ള കാര്യങ്ങള്‍ എനിക്കറിയില്ല എന്നത് മാത്രമായിരുന്നു എന്റെ മൊഴി. അത് രേഖപ്പെടുത്തിയില്ലെങ്കിൽ സിബിഐ ഉദ്യോഗസ്ഥരെ സംശയിക്കണം''- ഗണേഷ് പറഞ്ഞു.
താൻ തുറന്ന പുസ്തകമാണ്. കപടസദാചാരം ഉന്നയിച്ച് രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല താൻ. തൻറെ ശ്രദ്ധയിൽ വന്ന ചില അഴിമതി താൻ സഭയിൽ പറഞ്ഞു. അങ്ങനെയാണ് യു ഡി എഫുമായി തെറ്റിയത്. കോൺഗ്രസിലെ ചില നേതാക്കൾ തന്റെ പിതാവിനോട് സഹായം അഭ്യർത്ഥിച്ചു. ജീവിതകാലം മുഴുവൻ രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താൻ. സത്യം മാത്രമേ താൻ പറയു. തനിക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ കുടുംബത്തെ ബോധ്യപ്പെടുത്തിയാൽ മതി. പാർട്ടി വിട്ടു പുറത്തുപോയ ആളാണ് മനോജ്. പരാതിക്കാരി തന്നെ ബന്ധപ്പെട്ടിട്ടില്ല. ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ സിബിഐ അന്വേഷിക്കട്ടെ. കത്തിലുള്ളത് തന്റെ കൈ അക്ഷരമാണെന്ന് സുഹൃത്തായ ജഗദീഷ് പ്രചരിപ്പിച്ചു. ഞാന്‍ ജീവിതത്തിൽ ഇതുവരെ ആ കത്ത് കണ്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
എല്‍ഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിനൊപ്പം വരുമെന്ന് ആരും കരുതേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടിവന്നാലും അഴിമതിക്കെതിരേ സംസാരിച്ചതിന് എന്നെ പുറത്താക്കിയ യുഡിഎഫിലേക്ക് പോകില്ല. എല്ലാ കാലവും ഭരണപക്ഷത്തിരിക്കാന്‍ ആഗ്രഹമില്ല. ജനങ്ങള്‍ എനിക്കൊപ്പമുണ്ട്.ഉമ്മന്‍ചാണ്ടിസാറിന്റെ കുടുംബം നന്ദിയോടെ ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ പോയി ഉമ്മൻചാണ്ടിയെ കണ്ട ആളാണ് ഞാന്‍. രാഷ്ട്രീയം അവസാനിപ്പിച്ചാലും എൽഡിഎഫിനെ വഞ്ചിക്കില്ല. വെടക്കാക്കി തനിക്കാക്കേണ്ടെന്ന് ഷാഫിയെ ഗണേഷ് കുമാർ ഓർമിപ്പിച്ചു.