'നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞല്ലോ, എന്‍.എസ്.എസിന്‍റേത് അന്തസായ തീരുമാനം': ഗണേഷ് കുമാര്‍
|ഒരു അക്രമ സമരത്തിലൂടെ കേരളത്തിലെ മതസൗഹാർദം തകര്‍ക്കാതെ എന്‍.എസ്.എസ് വളരെ മാന്യമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍
കോട്ടയം: മിത്ത് വിവാദത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. എന്‍.എസ്.എസിനെ സംബന്ധിച്ച കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി പറയും. താന്‍ പറയുന്നത് ശരിയല്ല. അന്തസ്സായ തീരുമാനം എന്‍.എസ്.എസ് എടുത്തിട്ടുണ്ട്. ഒരു അക്രമ സമരത്തിലൂടെ കേരളത്തിലെ മതസൗഹാർദം തകര്‍ക്കാതെ എന്‍.എസ്.എസ് വളരെ മാന്യമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
നാമജപ യാത്രക്കെതിരെ കേസെടുത്തതിനെ കുറിച്ച് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലെ പ്രതികരണം ചോദിച്ചപ്പോള്‍ ഗണേഷ് കുമാറിന്‍റെ മറുപടിയിങ്ങനെ- "നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതാണ് കറക്റ്റ്. അന്തസ്സായ തീരുമാനം എന്‍.എസ്.എസ് എടുത്തിട്ടുണ്ട്. ഒരു അക്രമ സമരത്തിലൂടെ കേരളത്തിലെ മതസൗഹാർദം തകര്‍ക്കാതെ എന്‍.എസ്.എസ് വളരെ മാന്യമായ തീരുമാനമെടുത്തിട്ടുണ്ട്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍.എസ്.എസിന്‍റെ നയമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു".
ഒരു മുതലെടുപ്പിനും എന്‍.എസ്.എസ് കൂട്ടുനില്‍ക്കില്ല. തെറ്റുകണ്ടാല്‍ നിയമത്തിന്‍റെ വഴി സ്വീകരിക്കുക എന്നതാണ് ശരിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിശബ്ദനാണോ എന്ന ചോദ്യത്തിന് അതൊന്നും താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ കാണുമ്പോള്‍ ചോദിച്ചാല്‍ മതിയെന്നും ഗണേഷ് കുമാര്‍ മറുപടി നല്‍കി.
എ.എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സ്പീക്കര്‍ മിത്ത് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും എന്‍.എസ്.എസ് അറിയിച്ചു.
സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്നാണ് എന്‍.എസ്.എസ് വിലയിരുത്തല്‍. എന്നാല്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ എങ്ങനെയായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല. പ്രതിഷേധത്തെ സംബന്ധിച്ച് യോഗത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നാണ് സൂചന. എന്‍.എസ്.എസ് ഉപാധ്യക്ഷന്‍ സംഗീത് കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയിലായതിനാല്‍, കോടതിയുടെ പരാമര്‍ശം വരട്ടെ എന്ന നിലപാടിലാണ് എന്‍.എസ്.എസ്.