Kerala
K Babu
Kerala

'തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ടായിരുന്നു'; കോടതി വിധിയിൽ സന്തോഷമെന്ന് കെ.ബാബു

Web Desk
|
11 April 2024 10:07 AM GMT

മേൽക്കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും കെ.ബാബു പറഞ്ഞു.

കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് കെ. ബാബു. കഴിഞ്ഞ മൂന്നുവർഷമായി നുണപ്രചരണങ്ങൾ നടത്തി വിഷമിപ്പിക്കുകയായിരുന്നു. അതിൽ നിന്നൊക്കെ മോചനം ലഭിച്ചതിൽ ആശ്വാസമുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു. മേൽക്കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും കെ.ബാബു പറഞ്ഞു.

അയ്യപ്പന്റെ ചിത്രംവെച്ച് സ്ലിപ്പടിച്ചിട്ടില്ല. ആരോപണം കൃത്രിമമായിരുന്നു. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് ജനങ്ങളുടെ വിധിയെഴുത്തും കോടതി വിധിയും മാനിക്കാൻ എൽ.ഡി.എഫ് തയ്യാറാകണമെന്നും കെ.ബാബു കൂട്ടിച്ചേർത്തു.

അതേസമയം, ജനാധിപത്യം അട്ടിമറിക്കപ്പെടാനിടയുള്ള വിധിയാണെന്നാണ് ഹരജിക്കാരനായ എം.സ്വരാജിന്റെ പ്രതികരണം. കോടതിയിൽ തെളിവായി കൃത്യമായ രേഖകൾ കൊടുത്തു. വിധി ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ കെ. ബാബുവിന് എംഎല്‍എയായി തുടരാം.

വാദിഭാഗത്തുനിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷിമൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സി.പി.എം അനുഭാവികളാണ് സാക്ഷികളെന്ന ബാബുവിന്റെ വാദവും കോടതി ശരിവെച്ചു.

Related Tags :
Similar Posts