Kerala
Minister,bureaucrats , AK Balan, Antony Raju
Kerala

'ബ്യൂറോക്രാറ്റുകളുടെ വാക്കിനനുസരിച്ച് തുള്ളി കഴിഞ്ഞാൽ മന്ത്രി ഒറ്റപ്പെടും': മന്ത്രി ആന്റണി രാജുവിനെതിരെ ആഞ്ഞടിച്ച് എ.കെ ബാലൻ

Web Desk
|
20 Feb 2023 8:28 AM GMT

മാനേജ്മെന്‍റ് ഏകപക്ഷീയമായി തീരുമാനം എടുത്തെന്നും ജീവനക്കാരെ സി.ഐ.ടി.യുവിനും സർക്കാരിനും എതിരാക്കുക എന്നതാണ് മാനേജ്മെന്റിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രശ്നത്തിൽ മന്ത്രി ആന്റണി രാജുവിനെതിരെ ആഞ്ഞടിച്ച് എ കെ ബാലൻ. ബ്യൂറോക്രാറ്റുകളുടെ വാക്കിനനുസരിച്ച് തുള്ളി കഴിഞ്ഞാൽ മന്ത്രി ഒറ്റപ്പെടും. ഏതു മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിൽ എടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാനാണ് താൻ ഇത് പറയുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

മാനേജ്മെന്‍റ് ഏകപക്ഷീയമായി തീരുമാനം എടുത്തെന്നും ജീവനക്കാരെ സിഐടിയുവിനും സർക്കാരിനും എതിരാക്കുക എന്നതാണ് മാനേജ്മെന്റിന്റെ നിലപാടെന്നും താൻ കാര്യങ്ങൾ മനസിലാക്കിയിട്ടാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം പോലും നടപ്പിലാക്കാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നും പറഞ്ഞു.

അതേസമയം മാനേജ്മെന്റ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും അറിഞ്ഞാലും തിരുത്തുന്നില്ലെന്നും സി.ഐ.ടി.യു പറഞ്ഞു. പുതിയ ശമ്പള ഉത്തരവിലെ ധാർഷ്ട്യം അംഗീകരിക്കാൻ പോകുന്നില്ലെന്നും ഉത്തരവിലൂടെ സി. എം .ഡി സർക്കാരിനെയും കേരളത്തെയും വെല്ലുവിളിക്കുകയാണ്.വേതാളത്തെ തോളിലിട്ട പോലെ സി. എം.ഡിയെ ചുമക്കുകയാണെന്നും വിക്രമാദിത്യൻ വേതാളം കളി അവസാനിപ്പിക്കണം. എന്തും വിളിച്ചു പറയാമെന്ന നില മാറ്റണമെന്നും കുറേ എടുക്കാ ചരക്കുകളെ കെ.എസ്. ആർ.ടി.സിയിൽ ഉണ്ടെന്നും സി.ഐ.ടി.യു പറഞ്ഞു.

ശമ്പള പരിഷ്‌കരണത്തെ ഗതാഗതമന്ത്രി ന്യായീകരിച്ചതോടെ സി.ഐ.ടി.യു മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. 10,000 കത്തുകളാണ് പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്ക് അയക്കുക. ആവശ്യപ്പെടുന്നവർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്നും മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർക്ക് സർക്കാർ സഹായം കൂടി ലഭിച്ച ശേഷം നൽകാമെന്നുമാണ് മാനേജ്‌മെന്റ് മുന്നോട്ടുവെച്ച പുതിയ നിർദേശം.

സി.ഐ.ടി.യു മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നതിൽ യൂനിയനുകൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്ന് ആന്റണി രാജു. കെ.എസ്.ആർ.ടി.സിയിൽ തീരുമാനമെടുത്തത് മാനേജ്മെന്റ് ആണെന്നും അതിൽ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതതെന്നും ആന്‍റണി രാജു പറഞ്ഞു.

Similar Posts