കെ-ഫോണ്‍ വരുന്നു; ലോഞ്ചിങ് അടുത്ത മാസം അഞ്ചിന്
|സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അറുതിവരുത്തുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു സർക്കാർ കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ-ഫോണിന്‍റെ ലോഞ്ചിങ് ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇൻ്റർനെറ്റ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സർക്കാർ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. പല ഘട്ടങ്ങളിലായി വിമർശനം നേരിട്ട കെ-ഫോൺ ഒടുവിൽ ഔദ്യോഗികമായി ജൂൺ അഞ്ചിന് നാടിന് സമർപ്പിക്കുകയാണ്. വൈദ്യുതി, ഐ.ടി വകുപ്പുകൾ വഴിയാണ് കെ- ഫോൺ പദ്ധതി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
കെ-ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യസേവനങ്ങൾ നൽകുന്നതിന് ആവശ്യമായ കാറ്റഗറി ഒന്ന് ലൈസൻസും ഔദ്യോഗികമായി ഇന്‍റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡർ കാറ്റഗറി ബി യൂനിഫൈഡ് ലൈസൻസും നേരത്തെ ലഭിച്ചിരുന്നു. നിലവിൽ കെ-ഫോൺ വഴി 18,000ത്തോളം സർക്കാർ സ്ഥാപനങ്ങളിൽ ഇന്‍റർനെറ്റ് ലഭിച്ചിട്ടുണ്ട്. 7,000 വീടുകളിൽ കണക്‍ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളും പൂർത്തിയായി.
കെ ഫോൺ കേരളത്തിന്‍റെ സ്വന്തം ഇന്‍റർനെറ്റാണെന്നും സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കാര്യക്ഷമമാക്കുന്നതിന് പദ്ധതി ഉതകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെലകോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ബദലായാണ് കെ-ഫോൺ പദ്ധതിയെ സർക്കാർ അടയാളപ്പെടുത്തുന്നത്.
Summary: K-Fon, one of the dream projects of the Pinarayi Vijayan government, will be launched on the 5th of June 2023