സ്ഥാനാർഥിയായി കെ. ജയന്ത്?; കെ.സുധാകരന്റെ വിശ്വസ്തനെതിരെ കണ്ണൂർ കോൺഗ്രസിൽ മുറുമുറുപ്പ്
|കെ. സുധാകരൻ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ അര ഡസനിലധികം പേരാണ് സ്ഥാനാർഥിയാകാനുള്ള കരുനീക്കങ്ങളുമായി കളത്തിലുള്ളത്.
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ കടന്നു കഴിഞ്ഞു. ആലപ്പുഴ ഒഴികെയുള്ള മുഴുവൻ ലോകസഭാ സീറ്റുകളിലും സിറ്റിങ് എം.പിമാർ ഉള്ളതിനാൽ സ്ഥാനാർഥി നിർണയം ഇത്തവണ കോൺഗ്രസിന് വലിയ കീറാമുട്ടിയാവില്ല. എന്നാൽ കണ്ണൂർ എം.പി യും കെ.പി.സി.സി പ്രസിഡന്റുമായ കെ.സുധാകരൻ താൻ മത്സരിക്കാനില്ല എന്നു പ്രഖ്യാപിച്ചതോടെ കണ്ണൂർ സീറ്റിനായി അവകാശികളുടെ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്. അര ഡസനിലധികം പേരാണ് ഇതിനകം സ്ഥാനാർഥിയാവാനുളള കരുനീക്കങ്ങളുമായി കളത്തിലുളളത്. റിജിൽ മാക്കുറ്റി, ഷമ മുഹമ്മദ്, വി.പി അബ്ദുൽ റഷീദ്, അമൃത രാമകൃഷ്ണൻ തുടങ്ങി മണ്ഡലത്തിൽ നിന്നുള്ള ചെറുപ്പക്കാരായ പുതുമുഖങ്ങളും പട്ടികയിലുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അടുപ്പക്കാരനായ കെ.പി.സി.സി ജന. സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ.ജയന്തിന്റെ പേരാണ് ഇപ്പോൾ കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ മുറുമുറുപ്പുണ്ടാക്കുന്നത്. കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എതിരാളികളില്ലാത്ത സ്വരമാണ് കെ.സുധാകരന്റേത്. എന്നാൽ സുധാകരന്റെ നോമിനിയായ കെ.ജയന്തിനെതിരെ ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടാണ്. സുധാകരന്റെ നിർബന്ധത്തിൽ ജയന്തിനെ സ്ഥാനാർഥിയാക്കിയാൽ ഒരു മത്സരം പോലും കാഴ്ചവെക്കാൻ കഴിയില്ലെന്നാണ് കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്.
2018 ജൂണിൽ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ പരസ്യമായി എതിർത്ത് പത്രസമ്മേളനം നടത്തിയിരുന്നു ജയന്ത്. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികൾക്ക് കോൺഗ്രസ് സ്വയം തീറെഴുതുന്നുവെന്നും, പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്നുമുള്ള വിമർശനം അന്ന് ജയന്ത് ഉയർത്തുകയുണ്ടായി. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പ്രവർത്തനരംഗത്തുണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കെ. സുധാകരൻ പുതിയ പി.സി.സി പ്രസിഡന്റായതിനു ശേഷമാണ് ജയന്ത് സംഘടനയിൽ സജീവമാകുന്നത്.
കെ.സുധാകരന്റെ വിശ്വസ്തനായിനിന്ന് സംസ്ഥാനത്തെ മുഴുവൻ സംഘടനാ തർക്കങ്ങളിലും ജയന്ത് കക്ഷി ചേരുന്നു എന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ജോസ് കെ. മാണിക്കെതിരെ കോൺഗ്രസിനുമേൽ പ്രീണന രാഷ്ട്രീയം ആരോപിച്ചു പുറത്തുപോയ ഒരാൾ ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ കണ്ണൂരിൽ സ്ഥാനാർഥിയായി വരുന്നത് അപകടം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുന്നു ചില നേതാക്കൾ. നഷ്ടപ്പെട്ട ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചു പിടിക്കാനും ജോസ് കെ. മാണിയെ അടുപ്പിക്കാനും ശ്രമിക്കുന്നതിനിടെ കെ.പി.സി.സി. പ്രസിഡന്റ് തന്നെ ജയന്തിന് വേണ്ടി രംഗത്ത് വരുന്നതിനെ ചോദ്യം ചെയ്യുകയാണ് ഇവർ. കെ.പി.സി.സി പ്രസിഡന്റിന്റെ പിന്തുണ ഉണ്ടെങ്കിലും ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിൽ നിന്നുയരുന്ന എതിർപ്പ് ജയന്ത് എങ്ങിനെ മറികടക്കുമെന്ന് കണ്ടറിയണം.
ടെലിവിഷൻ ചാനൽ ചർച്ചകളിലൂടെ മലയാളികൾ പരിചയപ്പെട്ട ഷമ മുഹമ്മദും പല വഴിക്ക് സ്ഥാനാർഥിത്വത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. കേരളത്തിൽ നിന്ന് കോൺഗ്രസിനുള്ള 15 ലോക്സഭാ എം.പിമാരിൽ ഒരു മുസ്ലിം പോലുമില്ല എന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണ്. അതിനാൽ കണ്ണൂർ സീറ്റോ, രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റോ മുസ്ലിം സ്ഥാനാർഥിക്ക് നൽകേണ്ടി വരും. ആ സാധ്യതയാണ് കണ്ണൂർ സ്വദേശി കൂടിയായ ഷമ നോക്കുന്നത്. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനാ നേതാക്കളോട് അവർ ആശയവിനിമയത്തിന് ശ്രമിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ ഏതെങ്കിലും വിഷയത്തിൽ ഗൗരവമായി ഇടപെട്ടിട്ടില്ലാത്ത ഷമയുടെ കാര്യത്തിൽ മുസ്ലിം സംഘടനകൾക്ക് വലിയ താൽപര്യമില്ല.